മത്സ്യ ഫാമിനു കായല്‍ നികത്തി റോഡ്: അന്വേഷണ ചുമതലയേല്‍പിച്ചതില്‍ ദുരൂഹത

പള്ളുരുത്തി: ഇടക്കൊച്ചി ഫിഷ് ഫാം നവീകരണവുമായി ബന്ധപ്പെട്ട് കായല്‍ നികത്തി അനധികൃത റോഡ് നിര്‍മാണം നടത്തുന്നതിനെതിരായ പരാതിയില്‍ അന്വേഷണ ചുമതല ഏല്‍പിച്ചതില്‍ ദുരൂഹതയെന്ന് ആക്ഷേപം. ഫിഷ് ഫാമിന്‍െറ നിര്‍മാണച്ചുമതലയുള്ള അക്വാകള്‍ചര്‍ ഡെവലപ്മെന്‍റ് ഏജന്‍സി അഡാകിന്‍െറ റീജനല്‍ എക്സി. ഡയറക്ടറെതന്നെയാണ് പദ്ധതിയിലെ അപാകതയെക്കുറിച്ച് അന്വേഷിക്കാന്‍ ഏല്‍പിച്ചത്. 27 ഏക്കര്‍ ഫിഷ് ഫാമിന്‍െറ നിര്‍മാണരീതിയെക്കുറിച്ച് കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷനും ഗ്രീന്‍ കൊച്ചിയും പരാതിയുമായി രംഗത്തത്തെിയിരുന്നു. കരാര്‍ നല്‍കിയ രീതി സംബന്ധിച്ചും ആക്ഷേപമുയര്‍ന്നിരുന്നു. അഡാക് പ്രതിനിധിയായി എക്സി. ഡയറക്ടര്‍ സുഗുണ പ്രസാദ് കഴിഞ്ഞ ദിവസം നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഫിഷറീസ് മന്ത്രിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീരദേശ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇവിടെ ഫാമിലേക്കുള്ള ലോറിയടക്കമുള്ള വാഹനങ്ങള്‍ കയറുന്നതിനായി കായല്‍ നികത്തി റോഡ് നിര്‍മിക്കുന്നത്. കായലില്‍ കമ്പി പാകി കോണ്‍ക്രീറ്റ് ചെയ്ത് നീരൊഴുക്ക് തടസ്സപ്പെടും വിധത്തിലാണ് നിര്‍മാണം. നീരൊഴുക്ക് തടസ്സപ്പെടാത്ത വിധത്തില്‍ ഫാമിലേക്ക് പോകുന്നതിന് ചെറിയ ചിറ ഇവിടെ ഉണ്ടായിരുന്നു. ഇവക്ക് പകരം നീരൊഴുക്ക് പാടെ തടസ്സപ്പെടുത്തിയ നിര്‍മാണം തങ്ങള്‍ക്ക് വിനയാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പഷ്ണി തോടിനോട് ചേര്‍ന്നാണ് കായലും ഫാമും നിലകൊള്ളുന്നത്. കായലില്‍ കോണ്‍ക്രീറ്റ് ഇട്ട് റോഡ് നിര്‍മിച്ചാല്‍ പെരുമ്പടപ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറുമെന്നും നാട്ടുകാര്‍ ആശങ്കയോടെ പറയുന്നു. ഫിഷറീസ് വകുപ്പിന്‍െറ കീഴിലുള്ള ഫാം മുമ്പ് പട്ടികജാതി ക്ഷേമ സഹകരണ സംഘത്തിന്‍െറ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 12 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണ് ഫാമില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്. ഈ പ്രവൃത്തിയിലെ പരാതിയാണ് നിര്‍മാണ ചുമതലയുള്ള ഉദ്യോഗസ്ഥനത്തെന്നെ അന്വേഷിക്കാന്‍ ഏര്‍പ്പെടുത്തിയത്. അതേസമയം, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ഗ്രീന്‍ ട്രൈബ്യൂണലിനും അനധികൃത നിര്‍മാണത്തെക്കുറിച്ച് പരാതി സമര്‍പ്പിക്കുമെന്ന് ഗ്രാമസ്വരാജ് പ്രസിഡന്‍റ് വി.ഡി. മജീന്ദ്രന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.