ചൂട് സഹിക്കാന്‍ വയ്യ; വിദ്യാര്‍ഥികള്‍ മൈതാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു

ആലുവ: നിയോജക മണ്ഡലത്തിലെ മികച്ച സര്‍ക്കാര്‍ സ്കൂളായ കുട്ടമശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അടിസ്ഥാനസൗകര്യങ്ങളില്ളെന്ന് ആക്ഷേപം. ഇത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ദുരിതത്തിലാക്കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ചൂട് സഹിക്കാന്‍ വയ്യാതെ കുട്ടികള്‍ കഴിഞ്ഞദിവസം പഠിപ്പുമുടക്കി മൈതാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. അധ്യയനവര്‍ഷം പകുതി പിന്നിടുമ്പോഴും കുട്ടമശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ കമ്പ്യൂട്ടര്‍ കണ്ടിട്ടില്ല. എതാനും വര്‍ഷം മുമ്പാണ് ഹയര്‍ സെക്കന്‍ഡറി ആരംഭിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ഈ വര്‍ഷമാണ് ആരംഭിച്ചത്. അധ്യയനവര്‍ഷം പകുതി പിന്നിടുമ്പോഴും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളെ തിയറി മാത്രം പഠിപ്പിക്കേണ്ട ഗതികേടിലാണ് അധ്യാപകര്‍. വൈദ്യുതി ഇല്ലാത്തതിനാല്‍ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ വെന്തുരുകിയാണ് ഇവിടെ കുട്ടികള്‍ പഠനം നടത്തി വരുന്നത്. ഫാനും കുടിവെള്ള ശുചീകരണിയും കമ്പ്യൂട്ടറുകളുമെല്ലാം ഇവിടെ നോക്കുകുത്തികളാണ്. താഴിട്ട് പൂട്ടിയ കമ്പ്യൂട്ടര്‍ ലാബിലെ കമ്പ്യൂട്ടറുകളെല്ലാം തകരാറിലായിട്ടുണ്ട്. തറ മിനുക്കാത്ത ക്ളാസ് മുറികള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇതില്‍നിന്ന് പൊടി പറക്കുന്നുണ്ട്. അധികൃതരോട് പരാതി പറഞ്ഞിട്ട് നടപടി ഉണ്ടാകുന്നില്ളെന്നാണ് അധ്യാപകരും പറയുന്നത്. കടുത്ത ചൂടില്‍ ക്ളാസ് മുറികളില്‍ ഇരിക്കാന്‍ കഴിയാതെയാണ് 200ഓളം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കിയത്. മൈതാനത്ത് ഒത്തുകൂടി പ്രതിഷേധിച്ച കുട്ടികള്‍ പി.ടി.എ അടക്കമുള്ളവരുടെ അനാസ്ഥക്കെതിരെ മുദ്രാവാക്യം വിളിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.