സപൈ്ളകോ സബര്‍ബന്‍ മാള്‍ നിര്‍മാണം പ്രതിസന്ധിയില്‍

പിറവം: മൂവാറ്റുപുഴയാറില്‍ തീരത്തെ സപൈ്ളകോ സബര്‍ബന്‍ മാള്‍ നിര്‍മാണം പ്രതിസന്ധിയില്‍. മൂന്നുമാസമായി നിര്‍മാണപ്രവര്‍ത്തനം നിലച്ചിരിക്കയാണ്. കരാറുകാര്‍ക്ക് തുക ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പിറവം പഞ്ചായത്ത് 2013ല്‍ സപൈ്ളകോക്ക് വിട്ടുനല്‍കിയ സ്ഥലത്ത് മൂന്നുവര്‍ഷം മുമ്പാണ് നിര്‍മാണം ആരംഭിച്ചത്. അന്നത്തെ സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബാണ് ഇതിന് മുന്‍കൈയെടുത്തത്. 12 കോടി രൂപ വകയിരുത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ ഏഴുകോടി മാത്രമാണ് ചെലവിട്ടത്. ഇതില്‍ രണ്ടുകോടി മാത്രമാണ് കരാറുകാര്‍ക്ക് കിട്ടിയത്. ഇതാണ് നിര്‍മാണം ഇഴയാന്‍ കാരണം. പഞ്ചായത്തുവക ടൗണ്‍ഹാള്‍ പൊളിച്ചുമാറ്റിയാണ് മാള്‍ പണി ആരംഭിച്ചത്. പിന്നീട് പിറവം നഗരസഭയാവുകയും ചെയ്തു. പട്ടണങ്ങളിലെപ്പോലെ ഒരുകുടക്കീഴില്‍ ഷോപ്പിങ് അനുഭവം ഗ്രാമങ്ങളിലും സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ മിനി സിവില്‍ സ്റ്റേഷനിലാണ് വിവിധ ഓഫിസുകളും നഗരസഭ ഓഫിസ് സമുച്ചയവും പ്രവര്‍ത്തിക്കുന്നത്. പണി പൂര്‍ത്തിയാകാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ട അവസ്ഥയാണ്. എസ്റ്റിമേറ്റ് തുകക്ക് പുറമെ രണ്ട് കോടികൂടി വേണ്ടിവരുമെന്നാണ് ഇപ്പോള്‍ വിലയിരുത്തല്‍. 64000 ചതുരശ്ര അടി ഉപയോഗിച്ച് ആറ് നിലകളായാണ് നിര്‍മാണം നടത്തിയത്. സ്ഥലം നല്‍കിയതിന് പകരം അഞ്ചാം നിലയും തറ നിലയും നഗരസഭക്ക് ലഭിക്കുമെന്നാണ് വ്യവസ്ഥയെന്ന് ചെയര്‍മാന്‍ സാബു കെ. ജേക്കബ് പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനം നഗരസഭതന്നെ ഏറ്റെടുത്ത് നടത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.