ജില്ലയിലെ കുടിവെള്ള സ്രോതസ്സുകള്‍ക്ക് ക്ളീന്‍ ചിറ്റ്

കൊച്ചി: ജില്ലയില്‍ കുടിവെള്ള വിതരണത്തിനായി ആശ്രയിക്കുന്ന പ്രധാന നദീസ്രോതസ്സുകള്‍ സുരക്ഷിതമെന്ന് വാട്ടര്‍ അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടത്തെി. കുടിവെള്ള സ്രോതസ്സുകളില്‍നിന്ന് പമ്പുചെയ്യുന്ന വെള്ളത്തിന്‍െറ ഗുണനിലവാരത്തെ സംബന്ധിച്ച് വിവിധ കോണുകളില്‍നിന്ന് ആശങ്ക ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തിയത്. ശുദ്ധീകരണ ശാലകളിലേക്ക് നദികളില്‍നിന്നെടുക്കുന്ന വെള്ളവും ശുദ്ധീകരണത്തിന് ശേഷം പമ്പ് ചെയ്യുന്ന വെള്ളവും പരിശോധിച്ച റിപ്പോര്‍ട്ടാണ് കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. ഭൗതിക, രാസ പരിശോധനകള്‍ക്ക് പുറമെ ബാക്ടീരിയ സാന്നിധ്യവും പരിശോധിച്ചു. കുടിവെള്ളം ക്ളോറിനേഷനിലൂടെ അണുമുക്തമാക്കുന്നതിന് പരിശോധനയില്‍ സ്ഥിരീകരണം ലഭിച്ചു. നിറം, രുചി, ഗന്ധം, ചളിയുടെ സാന്നിധ്യം, പി.എച്ച് മൂല്യം, വൈദ്യുതി ചാലകത്വം, അമ്ളത്വം, ക്ഷാരത്വം, ലയിച്ചു ചേര്‍ന്നിരിക്കുന്ന ഖരപദാര്‍ഥങ്ങള്‍, ഘനസ്വഭാവം എന്നിവക്ക് പുറമെ കാത്സ്യം, മഗ്നീഷ്യം ക്ളോറൈഡ്, ഫ്ളൂറൈഡ്, ഇരുമ്പ്, സള്‍ഫേറ്റ്, നൈട്രേറ്റ്, ബാക്ടീരിയ എന്നിവയുടെ സാന്നിധ്യവും പരിശോധിച്ചു. ഇവയെല്ലാം അനുവദനീയമായ തോതിലാണെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. പെരിയാര്‍, മൂവാറ്റുപുഴയാര്‍, ചാലക്കുടിപ്പുഴ, കോഴിപ്പിള്ളിപ്പുഴ എന്നിവയാണ് ജില്ലയില്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പ്രധാന നദികള്‍. പെരിയാര്‍ കേന്ദ്രീകരിച്ച് ആലുവയില്‍ ഒമ്പതും ചൊവ്വരയില്‍ ആറും ജലവിതരണ പദ്ധതികളാണുള്ളത്. മുപ്പത്തടം പ്ളാന്‍റില്‍നിന്ന് രണ്ടും അങ്കമാലി, ചെമ്പറക്കി, കാഞ്ഞിരക്കാട് പ്ളാന്‍റുകളില്‍നിന്ന് ഓരോന്നു വീതം വിതരണശൃംഖലകളിലേക്കും വെള്ളം പമ്പ് ചെയ്യുന്നു. പെരുമ്പാവൂരില്‍ സ്ളോ സാന്‍ഡ് ഫില്‍റ്റര്‍ ജലവിതരണ പദ്ധതിയും പ്രവര്‍ത്തിക്കുന്നു. കൊടികുത്തുകുന്നിലാണ് ചാലക്കുടിപ്പുഴയെ ആശ്രയിക്കുന്ന ജലശുദ്ധീകരണശാല. മൂവാറ്റുപുഴയാറിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന മരട് പ്ളാന്‍റില്‍നിന്ന് നാല് സ്കീമുകള്‍ക്ക് വെള്ളം നല്‍കുന്നു. മൂവാറ്റുപുഴയിലും ചൂണ്ടിയിലും രണ്ടുവീതം പ്ളാന്‍റുകളും പമ്പ് ചെയ്യുന്നുണ്ട്. പിറവത്ത് രണ്ട് പ്ളാന്‍റുകളാണ് പ്രവര്‍ത്തിക്കുന്നത്. കോഴിപ്പിള്ളിപ്പുഴയില്‍നിന്ന് വെള്ളമെടുത്ത് കോതമംഗലത്ത് രണ്ട് പ്ളാന്‍റുകള്‍ പ്രവര്‍ത്തിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.