ജില്ലയിലെ സ്കൂളുകളില്‍ ഇനി ഇ-ജാഗ്രത

കൊച്ചി: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്‍റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ഇ-ജാഗ്രത പദ്ധതിയുമായി ജില്ലാ ഭരണകൂടം. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വിസസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആശയാവിഷ്കാരം നിര്‍വഹിച്ചതും നേതൃത്വംനല്‍കുന്നതും സംസ്ഥാന ഐ.ടി മിഷന്‍ മുന്‍ ഡയറക്ടര്‍ കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ലയാണ്. ഒക്ടോബര്‍ 18ന് പദ്ധതിക്ക് തുടക്കം കുറിക്കും. സുരക്ഷിത ഇന്‍റര്‍നെറ്റ് ബോധവത്കരണ പരിപാടിയായാണ് ഇ-ജാഗ്രതക്ക് കലക്ടര്‍ രൂപം നല്‍കിയിരിക്കുന്നത്. ജില്ലയില്‍ എറണാകുളം, ആലുവ, കോതമംഗലം, മൂവാറ്റുപുഴ എന്നീ നാല് വിദ്യാഭ്യാസ ജില്ലകളിലായി 101 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്കൂളുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും അടങ്ങിയ ഐ.ടി അടിസ്ഥാന സൗകര്യം, ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി എന്നിവ സ്ഥാപിക്കുന്നതോടൊപ്പം സുരക്ഷിതമായ ഉപയോഗം, സൈബര്‍ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണവും നല്‍കും. നിയമലംഘനത്തിന്‍െറ ഭവിഷ്യത്തുകള്‍ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ബോധവത്കരണ പരിപാടിയാണിത്. വിദ്യാഭ്യാസത്തിന്‍െറയും വിജ്ഞാനസമ്പാദനത്തിന്‍െറയും സുപ്രധാന ഘടകമായി ഇന്‍റര്‍നെറ്റ് മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്‍െറ പ്രയോജനം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ എട്ട്, ഒമ്പത് ക്ളാസുകളിലെ വിദ്യാര്‍ഥികളില്‍നിന്ന് ഐ.ടി@സ്കൂളിന്‍െറ സഹായത്തോടെ കണ്ടത്തെും. ഒരു സ്കൂളില്‍നിന്ന് ഒരു വിദ്യാര്‍ഥിക്കുപുറമെ ഒരു അധ്യാപകനും മാസ്റ്റര്‍ ട്രെയിനറായിരിക്കും. ഇവര്‍ക്കുള്ള പരിശീലനം ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വിസസിന്‍െറ കേന്ദ്രത്തില്‍ നല്‍കും. ഇന്ത്യയില്‍തന്നെ ഇത്തരത്തിലൊരു പദ്ധതി സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്നത് ഇതാദ്യമായാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.