അന്ധദമ്പതികള്‍ക്ക് താമസിക്കാന്‍ ക്ളബ് വിട്ടുനല്‍കി യുവാക്കള്‍

മട്ടാഞ്ചേരി: അന്ധരായ ദമ്പതികള്‍ക്ക് താമസിക്കാന്‍ യുവാക്കള്‍ ക്ളബ് കെട്ടിടം വിട്ടുകൊടുത്തു. സലാം- സുഹറാബീവി ദമ്പതികള്‍ക്കാണ് 20 വര്‍ഷമായി ക്ളബ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം വിട്ടുനല്‍കിയത്. 10 വര്‍ഷമായി ഫോര്‍ട്ട് കൊച്ചി ചെറിയ പത്തായത്തോടിന്‍െറ കരയില്‍ ചെറിയൊരു മാടക്കടയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇത് ജീര്‍ണിച്ച് നിലംപൊത്താറായതോടെ ഭീതിയിലായിരുന്നു ദമ്പതികള്‍. ലോട്ടറി ടിക്കറ്റ് വിറ്റാണ് ഇവര്‍ ഉപജീവനം നടത്തിയിരുന്നത്. ഡിവിഷന്‍ കൗണ്‍സിലര്‍ സീനത്ത് റഷീദാണ് ഇവരുടെ പ്രശ്നം ന്യൂഏജ് സ്പോര്‍ട്സ് ക്ളബ് ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഒറ്റമുറിയാണെങ്കിലും അകത്ത് ബാത്ത് റൂം, വെള്ളം എന്നിവക്കുള്ള സൗകര്യവും യുവാക്കള്‍ ഒരുക്കി നല്‍കും. കൗണ്‍സിലര്‍ സീനത്ത് റഷീദ് താക്കോല്‍ സലാമിന് കൈമാറി. ഫോര്‍ട്ട് കൊച്ചി സി.ഐ പി. രാജ്കുമാര്‍, എസ്.ഐ എസ്. ദ്വിജേഷ്, ന്യൂ ഏജ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്‍റ് എച്ച്.സിദ്ദീഖ്, സെക്രട്ടറി കെ.ബി. ഹനീഫ്, കളരി ഗുരുക്കള്‍ കെ.എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ദമ്പതികള്‍ക്ക് ആറു മാസത്തിനകം വീടു നല്‍കുമെന്ന് കൗണ്‍സിലര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.