ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല ഉദ്ഘാടനം: ഗുരുവും ഗാന്ധിയും ആശ്രമങ്ങളെക്കാള്‍ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി

കൊച്ചി: ആശ്രമങ്ങളെക്കാള്‍ ആശയപ്രചാരണത്തിന് പ്രാധാന്യം നല്‍കിയ ഗുരുവര്യന്‍മാരാണ് മഹാത്മഗാന്ധിയും ശ്രീനാരായണഗുരുവുമെന്ന് ജസ്റ്റിസ് കെ. സുകുമാരന്‍ അഭിപ്രായപ്പെട്ടു. ആചാരങ്ങളെക്കാളും അനുഷ്ഠാനങ്ങളെക്കാളും പഠനത്തിനും ശാസ്ത്രീയബോധത്തിനും ഊന്നല്‍ നല്‍കി മാനവപുരോഗതിക്കായി പ്രയത്നിക്കാനുള്ള ആഹ്വാനമാണ് ഗാന്ധിയും ഗുരുവും നല്‍കിയത്. കാലം മുന്നോട്ടു പോകുമ്പോള്‍ ഗാന്ധിയുടെയും ഗുരുവിന്‍െറയും ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലുവ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്‍െറ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായാണ് ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചത്. ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്‍െറയും പാദങ്ങള്‍ പതിഞ്ഞ മണ്ണാണ് ആലുവ. പുരോഗമനാശയങ്ങള്‍ക്ക് ഇവിടെ വേരോട്ടം ലഭിക്കാന്‍ ഇരുവരുടെയും സാന്നിധ്യവും കാരണമായി. ആത്മീയരംഗത്തെ പൊളിച്ചെഴുത്തിനും തൊഴിലാളി യൂനിയന്‍ രംഗത്ത് പുരോഗമനപരമായ മുന്നേറ്റങ്ങള്‍ക്കും ആലുവ സാക്ഷിയായി. ഇരുവരും മുന്നോട്ടു വച്ച സങ്കല്‍പങ്ങള്‍ ശരിയായ അര്‍ഥത്തില്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ പ്രസ്ഥാനങ്ങളും സംഘടനകളും മുന്നോട്ടു വരണമെന്നും ജസ്റ്റിസ് സുകുമാരന്‍ അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള കവിതകള്‍ ഉള്‍പ്പെടുത്തി പി.ആര്‍.ഡി പ്രസിദ്ധീകരിച്ച സമാഹാരം സ്കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കുന്നതിനായി ജസ്റ്റിസ് കെ. സുകുമാരന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന് കൈമാറി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സര്‍ഗോത്സവത്തിന്‍െറ ഉദ്ഘാടനം സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട് നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ കുന്നത്തുനാട് താലൂക്ക് യൂനിയന്‍ സെക്രട്ടറി പി.ജി. സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, വി.കെ. ഷാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.