നാടൊരുമിച്ചു, പ്രിയ രാജന് ഇനി സ്നേഹവീട്ടില്‍ കഴിയാം

കാലടി: പഠനത്തില്‍ മിടുക്കിയായ നാലാം ക്ളാസ് വിദ്യാര്‍ഥിനി പ്രിയ രാജന് സ്നേഹവീട് ഒരുങ്ങി. മാണിക്യമംഗലം മുണ്ടങ്ങാമഠം കോളനിയില്‍ ഇടിഞ്ഞുവീഴാറായ പ്ളാസ്റ്റിക് ഷീറ്റ് മേഞ്ഞ ചെറിയകൂരയില്‍ നിത്യരോഗികളായ മാതാവ് ഷീബ, അമ്മൂമ്മ ഫിലോമിന എന്നിവരോടൊപ്പമാണ് കാലടി ഗവ.എല്‍.പി.സ്കൂള്‍ വിദ്യാര്‍ഥിനിയായ പ്രിയ താമസിക്കുന്നത്. പിതാവ് രാജന്‍ നാലുവര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. മകള്‍ പഠിക്കുന്ന സ്കൂളില്‍ പാചകജോലി ചെയ്ത് കിട്ടുന്ന വരുമാനംകൊണ്ടാണ് മാതാവ് ഷീബ കുടുംബം പുലര്‍ത്തിയിരുന്നത്. സ്വന്തമായി സ്ഥലം ഇല്ലാതിരുന്ന ഈ കുടുംബത്തിന്‍െറ ദുരവസ്ഥ അറിഞ്ഞ് വീട് നിര്‍മിച്ചുനല്‍കാന്‍ തയാറായി കാലടിയില്‍ 46 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ-സന്നദ്ധ സംഘടനയായ ക്യാറ്റ്സ് ക്ളബ് മുന്നോട്ടുവന്നു. തുടര്‍ന്ന് അമ്മൂമ്മ ഫിലോമിനയുടെ സഹോദരി സ്ഥലം നല്‍കുകയായിരുന്നു. പഞ്ചായത്ത് നല്‍കിയ രണ്ടുലക്ഷവും ക്ളബ് സമാഹരിച്ച രണ്ടുലക്ഷവും ചേര്‍ത്ത് നാലുലക്ഷം രൂപ ചെലവില്‍ 500 സ്ക്വയര്‍ ഫീറ്റുള്ള വീട് യാഥാര്‍ഥ്യമായി. കണ്‍വീനര്‍ ജസ്റ്റോ പോളിന്‍െറ നേതൃത്വത്തില്‍ ക്ളബ് അംഗങ്ങളാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. സ്നേഹവീടിന്‍െറ താക്കോല്‍ദാനം ശനിയാഴ്ച രാവിലെ 11ന് നിയുക്ത എം.എല്‍.എ റോജി എം. ജോണ്‍ നിര്‍വഹിക്കും. ക്ളബ് പ്രസിഡന്‍റ് വി.കെ. വിജയന്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.