മണ്ണഞ്ചേരിയില്‍ മൂന്ന് വീടുകള്‍ക്കുനേരെ ആക്രമണം; നാലുപേര്‍ അറസ്റ്റില്‍

മണ്ണഞ്ചേരി: നേതാജി ഭാഗത്തെ മൂന്നുവീടുകള്‍ക്ക് നേരെ ആക്രമണം. മണ്ണഞ്ചേരി 16ാം വാര്‍ഡ് മണ്ണേഴത്തുവെളി ചെല്ലപ്പന്‍, കറുകത്തറ നവാസ്, കുളങ്ങര മനോജ്കൃഷ്ണ എന്നിവരുടെ വീടുകളാണ് വെള്ളിയാഴ്ച രാത്രി 11.30ഓടെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. മണ്ണഞ്ചേരി 16ാം വാര്‍ഡില്‍ തോപ്പുവെളി രാഹുല്‍ (24), ചിന്നത്തോപ്പുവെളി ശ്രീക്കുട്ടന്‍ (22), പുതുവല്‍ വീട്ടില്‍ യദുകൃഷ്ണന്‍ (18), തോപ്പുവെളി വീട്ടില്‍ ശ്രീജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. ചെല്ലപ്പന്‍െറ വീടിന്‍െറ ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയിലായിരുന്നു. മുന്‍വശത്തെ കതക് മഴുകൊണ്ട് വെട്ടിപ്പൊളിക്കാനും ശ്രമിച്ചു. സി.പി.എം അംഗമായ നവാസിന്‍െറ വീട്ടിലത്തെിയ അക്രമിസംഘം കതക് വെട്ടിപ്പൊളിച്ച് അകത്തുകയറി. ജനാലകളും ടെലിവിഷനും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മനോജ്കൃഷ്ണയുടെ വീടിന്‍െറ ജനാലച്ചില്ലുകളും അടുക്കളഭാഗത്തെ കതകും സഹോദരനും എക്സൈസ് ഉദ്യോഗസ്ഥനുമായ രഞ്ജിത്ത്കൃഷ്ണയുടെ ബൈക്കും അടിച്ചുതകര്‍ത്തു. വീടിനുള്ളില്‍ കയറിയ സംഘം ടെലിവിഷനും വീട്ടുപകരണങ്ങളും തകര്‍ത്തു. ഇരുപതംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. മഴു, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായാണ് ആക്രമികള്‍ എത്തിയത്. വീടുകളില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം നിഷാന്തിന്‍െറ നേതാജിയിലെ ഗോള്‍ഡ് കവറിങ് കടക്ക് തീയിട്ടിരുന്നു. ബി.ജെ.പി സംഘമാണ് പിന്നിലെന്നാണ് ആരോപണം. ആക്രമിക്കപ്പെട്ട വീടുകള്‍ നിയുക്ത എം.എല്‍.എ ടി.എം. തോമസ് ഐസക്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി. വേണുഗോപാല്‍, ഏരിയാ സെക്രട്ടറി കെ.ഡി. മഹീന്ദ്രന്‍, പി. രഘുനാഥ്, ജില്ലാപഞ്ചായത്തംഗം പി.എ. ജുമൈലത്ത്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീന സനല്‍ കുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.