പറവൂരിലെ സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

പറവൂര്‍: സി.പി.ഐ മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തയാറാക്കിയ സ്ഥാനാര്‍ഥി ലിസ്റ്റ് തള്ളി പുതിയ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനുള്ള സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായിരുന്ന പി.കെ. വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനെയാണ് സംസ്ഥാന കൗണ്‍സില്‍ പറവൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി കണ്ടത്തെിയത്. പ്രാദേശികമായി പാര്‍ട്ടിക്ക് നിരവധി നേതാക്കളുണ്ടായിട്ടും അവരെയൊന്നും പരിഗണിക്കാതെയാണ് ശാരദ മോഹനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. സംസ്ഥാന കൗണ്‍സില്‍ തീരുമാനം ചാനലുകളില്‍ വാര്‍ത്തയായതോടെ തന്നെ പാര്‍ട്ടി പറവൂര്‍ ഘടകം ഗ്രൂപ്പുവ്യത്യാസമില്ലാതെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇവരൊന്നും പരസ്യമായി രംഗത്തുവന്നിട്ടില്ല. പുതിയ സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ കാലുകുത്തിക്കില്ളെന്ന് രഹസ്യ പ്രചാരണമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മണ്ഡലം കമ്മിറ്റി മുതിര്‍ന്ന നേതാവും ദേശീയ കൗണ്‍സില്‍ അംഗവുമായ കമല സദാനന്ദന്‍, മുന്‍ എം.എല്‍.എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ പി. രാജു, സംസ്ഥാന കൗണ്‍സിലംഗം കെ.എം. ദിനകരന്‍, മണ്ഡലം സെക്രട്ടറി കെ.ബി. അറുമുഖന്‍, എ.ഐ.വൈ.എഫ് നേതാവ് ഡിവിന്‍ എന്നിവരുടെ പേരുകളാണ് സാധ്യതാ ലിസ്റ്റായി ജില്ലാ കമ്മിറ്റിക്ക് നല്‍കിയത്. എന്നാല്‍, ജില്ലാ എക്സി. കമ്മിറ്റി യോഗം പി. രാജു, ഡിവിന്‍ എന്നിരെ ഒഴിവാക്കി ബാക്കി മൂന്നുപേരെ അംഗീകരിച്ചു. രണ്ടുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി തീരുമാനത്തത്തെുടര്‍ന്നാണ് പി. രാജുവിന്‍െറ പേര് ഒഴിവാക്കിയത്. ഇതോടെ കമല സദാനന്ദന്‍ പറവൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറക്കുറെ ഉറപ്പിച്ചപ്പോഴാണ് മുന്‍വിധി മറികടന്ന് ശാരദ മോഹനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. 2006ലും 2011ലും സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടംപിടിച്ച കമല സദാനന്ദനെ ഇത്തവണയും പാര്‍ട്ടി നേതൃത്വം തഴഞ്ഞു. പറവൂരിലെ പാര്‍ട്ടി നേതൃത്വത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന പ്രാദേശിക ഘടകത്തിന്‍െറ ആവശ്യം പാടെ തള്ളുന്ന നിലപാടാണ് സംസ്ഥാന കൗണ്‍സില്‍ സ്വീകരിച്ചത്. തദ്ദേശ സ്ഥാപന തെരഞ്ഞടുപ്പിലൂടെ രംഗത്തുവന്ന ശാരദ മോഹന്‍ ജില്ലാ പഞ്ചായത്ത് അംഗമാണ്. വനിതാ കലാസാഹിതി സംസ്ഥാന സെക്രട്ടറി, കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. പ്രാദേശിക നേതൃത്വത്തെ വെല്ലുവിളിച്ചുള്ള ഇറക്കുമതി സ്ഥാനാര്‍ഥിയെ ഏതുരീതിയില്‍ സ്വീകരിക്കുമെന്ന് അടുത്ത ദിവസങ്ങളില്‍ അറിയാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.