ആലുവ നഗരസഭ: കെട്ടിടങ്ങള്‍ക്ക് ഭീമമായ വാടക വര്‍ധനവെന്ന് ആക്ഷേപം

ആലുവ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ പുതുക്കിയ വാടക വര്‍ധന താങ്ങാന്‍ കഴിയില്ളെന്ന് വ്യാപാരികള്‍. തീര്‍ത്തും ഏകപക്ഷീയമായാണു നഗരസഭ തീരുമാനം കൈക്കൊണ്ടതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. നിലവിലെ വാടകയില്‍ 10 ശതമാനമാണ് വര്‍ധിപ്പിച്ചത്. സാധാരണ സ്ഥിരം വാടകക്കാര്‍ക്ക് മൂന്ന് ശതമാനവും താല്‍ക്കാലികക്കാര്‍ക്ക് അഞ്ച് ശതമാനവുമാണ് വര്‍ധിപ്പിക്കുന്നത്. ഭീമമായ തുക അഡ്വാന്‍സ് നല്‍കിയാണ് വ്യാപാരികള്‍ മുറികള്‍ വാടകക്കെടുത്തിരിക്കുന്നത്. എന്നാല്‍, കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യാറില്ളെന്ന് വ്യാപാരികള്‍ പറയുന്നു. പലകെട്ടിടങ്ങളും പാടെ തകര്‍ന്ന അവസ്ഥയിലണ്. പുതിയ കെട്ടിടങ്ങള്‍ പോലും അധികൃതരുടെ അനാസ്ഥമൂലം നശിച്ച് കിടക്കുന്നു. ബസ്സ്റ്റാന്‍ഡ് കെട്ടിടമടക്കം പല കെട്ടിടങ്ങളിലും ആവശ്യത്തിന് വെളിച്ചം നല്‍കാന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ഇതുമൂലം രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരും അനാശാസ്യക്കാരും തമ്പടിക്കുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ മൂലം നഗരസഭാ കെട്ടിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആരും എത്താത്ത അവസ്ഥയാണ്. ഇതിനിടയിലാണ് വ്യാപാരികള്‍ക്ക് ഇരുട്ടടിയായി അന്യായമായ വാടക വര്‍ധന വരുത്തിയിരിക്കുന്നത്. പലരും മുറികള്‍ ഒഴിഞ്ഞ് പോകാന്‍ തയാറാണ്. എന്നാല്‍, അഡ്വാന്‍സ് നല്‍കിയ തുക നഗരസഭയില്‍നിന്ന് ഉടന്‍ കിട്ടാനിടയില്ലാത്തതാണ് വ്യാപാരികളെ ഈ കെട്ടിടങ്ങളില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്. സാമ്പത്തിക സ്ഥിതി മോശമാണെന്ന പേരില്‍ കടയുടമകള്‍ക്ക് അഡ്വാന്‍സ് തുക തിരികെ നല്‍കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. വാടക വര്‍ധന കുറച്ച് നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭാ വ്യാപാരികള്‍ പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.