സഹായനിധി ലക്ഷ്യം കവിഞ്ഞു; അദ്യുതിന്‍െറ കരള്‍ മാറ്റം 24ന്

മരട്: സൊസൈറ്റി റോഡില്‍ കൊടവം തുരുത്തി വീട്ടില്‍ കെ.ആര്‍. സുനില്‍കുമാറിന്‍െറയും രേവതിയുടെയും നാലു മാസം പ്രായമായ മകന്‍ അദ്യുതിന്‍െറ കരള്‍മാറ്റ ശസ്ത്രക്രിയ 24ന് നടത്താനുള്ള സജ്ജീകരണങ്ങള്‍ ആയതായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ അറിയിച്ചു. മാതാവാണ് അദ്യുതിനായി കരള്‍ പകുത്തു നല്‍കുന്നത്. അദ്യുതിനായി രൂപവത്കരിച്ച ചികിത്സാ സഹായ നിധി ലക്ഷ്യം കവിഞ്ഞതായി സമിതി കണ്‍വീനറും മരട് നഗരസഭാധ്യക്ഷയുമായ അജിത നന്ദകുമാര്‍ അറിയിച്ചു. സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ മരട് ശാഖയിലാണ് അക്കൗണ്ട്. സഹായ നിധി സ്വരൂപിക്കാനായുള്ള അവസാന ദിവസമായ ഇന്നലെയും ചികിത്സാ നിധിയിലേക്ക് കാരുണ്യ പ്രവാഹമായിരുന്നു. പേട്ട സ്റ്റാന്‍ഡിലെ എഴുപത് ഓട്ടോറിക്ഷകളാണ് ഇന്നലെ അദ്യുതിനായി ഓടിയത്. ഇവരുടെ തുക സ്വീകരിക്കാന്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. മരട് പി.എസ് മിഷന്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരുടെയും കൊട്ടാരം ജങ്ഷന്‍ സ്റ്റാന്‍റിലെ ഓട്ടോഡ്രൈവര്‍മാരുടെ ഒരു ദിവസത്തെ വരുമാനം കൈമാറി. ‘സഫര്‍’ എന്ന പേരില്‍ വിവിധ റൂട്ടുകളിലൂടെ നഗരത്തില്‍ സര്‍വിസ് നടത്തുന്ന അഞ്ച് ബസുകള്‍ അദ്യുതിനായി നടത്തിയ കാരുണ്യ യാത്രയിലെ വിഹിതവും കൈമാറി. മരട് നഗരസഭാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. കൗണ്‍സിലര്‍ ആന്‍റണി ആശാന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. ബസുടമകളായ ചേരാനല്ലൂര്‍ കളപ്പുരക്കല്‍ സജീര്‍, അനസ് എന്നിവര്‍ സംസാരിച്ചു. ചേരാനല്ലൂരില്‍നിന്നും മരട് വഴി തൃപ്പൂണിത്തുറക്കുള്ള മൂന്നു ബസുകളും ചേരാനല്ലൂര്‍ - പനങ്ങാട് റൂട്ടിലെ ഒന്നും എരൂര്‍ തൃപ്പൂണിത്തുറ സര്‍ക്കുലര്‍ ബസുമാണ് അദ്യുതിനായി കാരുണ്യയാത്ര നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.