മെട്രോ തൃപ്പൂണിത്തുറയിലേക്ക്; ഇ. ശ്രീധരന്‍ സ്ഥലം സന്ദര്‍ശിച്ചു

തൃപ്പൂണിത്തുറ: നിര്‍ദിഷ്ട മെട്രോ റെയില്‍ പദ്ധതി പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമായിരിക്കെ മെട്രോ റെയില്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും ഉദ്യോഗസ്ഥരും ബുധനാഴ്ച രാവിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ 10ഓടെ മൂന്ന് വാഹനങ്ങളിലായാണ് മെട്രോ സംഘം എത്തിയത്. റിഫൈനറി റോഡില്‍ മില്‍മക്ക് സമീപം എത്തിയ ഉദ്യോഗസ്ഥര്‍ സ്ഥലം നോക്കിക്കണ്ടു. കാറിനുള്ളില്‍ തന്നെ ഇരുന്ന് ശ്രീധരന്‍ നിര്‍ദേശങ്ങള്‍ നല്‍കി. ഇതേ സമയം വിവരമറിഞ്ഞത്തെിയ ചെയര്‍മാന്‍ വി.പി. പ്രസാദ്, കൗണ്‍സിലര്‍ വി.സി. ജയേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് കാറിനകത്തിരുന്ന ശ്രീധരനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മെട്രോ റെയില്‍വേയുടെ ടെര്‍മിനല്‍ സ്റ്റേഷന്‍ റെയില്‍വേ സ്റ്റേഷന് സമീപത്താകുന്നത് ലക്ഷത്തിലധികം വരുന്ന തീവണ്ടി യാത്രക്കാര്‍ക്ക് കൂടി ഉപകാരപ്രദമാകുമെന്നും ഇതിനെക്കാള്‍ അനുയോജ്യമായ സ്ഥലം വേറെയില്ളെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ലക്ഷത്തിലേറെ യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്‍െറ തെളിവുകള്‍ നല്‍കാന്‍ ഭാരവാഹികളോട് ശ്രീധരന്‍ ആവശ്യപ്പെട്ടു. 2019ല്‍ മെട്രോ റെയില്‍ തൃപ്പൂണിത്തുറയിലത്തെുമെന്നും ഇ. ശ്രീധരന്‍ അറിയിച്ചു. തുടര്‍ന്ന് സന്ദര്‍ശനം അവസാനിപ്പിച്ച് മെട്രോ സംഘം മടങ്ങി. പേട്ടയിലെ ടെര്‍മിനല്‍ സ്റ്റേഷന്‍ ഒന്നരക്കിലോമീറ്റര്‍ കിഴക്ക് ഭാഗത്ത് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് സമീപം ഏറ്റവും അനുയോജ്യമായ സ്ഥലത്തേക്ക് മാറുന്നത് യാത്രക്കാരടക്കമുള്ളവര്‍ക്ക് സൗകര്യപ്രദമാകുമെന്ന് ചൂണ്ടിക്കാട്ടി നഗരസഭയുടെ നേതൃത്വത്തില്‍ 2012ല്‍ തന്നെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കെയാണ് ഇ. ശ്രീധരന്‍െറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. അതേസമയം, മെട്രോ പദ്ധതി ആദ്യ ഘട്ടത്തില്‍ തന്നെ തൃപ്പൂണിത്തുറക്ക് നീട്ടണമെന്ന ആവശ്യം തല്‍ക്കാലം നടപ്പാക്കാനിടയില്ല. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതടക്കം ഫണ്ട് പോലും അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി കിട്ടിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.