ഗുണനിലവാരമില്ലാത്ത ശീതള പാനീയങ്ങളുടെ വില്‍പന വ്യാപകം

നെടുമ്പാശ്ശേരി: കൊടുംചൂട് മറയാക്കി ഗുണനിലവാരമില്ലാത്ത ശീതള പാനീയങ്ങളുടെ വില്‍പന വ്യാപകമാകുന്നു. ഇതേതുടര്‍ന്ന് ഇത്തരം ശീതള പാനീയങ്ങള്‍ പിടിച്ചെടുക്കാനും വില്‍പനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും പരിശോധനകള്‍ ഊര്‍ജിതമാക്കി. ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസി.കമീഷണര്‍ കെ.വി. ഷിബു, ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്‍റലിജന്‍സ് അസി.കമീഷണര്‍ ബി.ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതുമൂലം സ്ക്വാഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ സ്ക്വാഡിലും ഏഴ് പേര്‍ വീതം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നൂറുകണക്കിന് ശീതള പാനീയ ഉല്‍പാദന കേന്ദ്രങ്ങളിലും വിതരണ കേന്ദ്രങ്ങളിലും തട്ടുകടകളിലും സ്ക്വാഡ് പരിശോധന നടത്തി. ആഹാര സാധനങ്ങള്‍ തുറന്നുവെച്ചതിനും മറ്റും ചില കടകളില്‍നിന്നും പിഴ ഈടാക്കി. ഏതാണ്ട് മുപ്പതിനായിരത്തോളം രൂപയാണ് ഇത്തരത്തില്‍ പിഴയായി ഈടാക്കിയത്. കൂടാതെ 25 ഓളം കേസുകള്‍ ആര്‍.ഡി.ഒ കോടതിയിലേക്കും അത്രയുംതന്നെ കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലേക്കും കൈമാറിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന വിധത്തിലുള്ള കേസുകളാണ് ആര്‍.ഡി.ഒ കോടതിയിലേക്ക് രജിസ്റ്റര്‍ ചെയ്തത്. വളരെയേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന വിധത്തില്‍ ബോധപൂര്‍വം അനാസ്ഥ കാണിക്കുന്ന കേസുകളാണ് ചീഫ് ജുഡീഷ്യല്‍ കോടതിയിലേക്ക് കൈമാറിയിട്ടുളളത്. പിഴയ്ക്കു പുറമേ കട നടത്തിപ്പുകാരന് തടവ് വിധിക്കാന്‍ കൂടി കഴിയുന്ന വകുപ്പുകളനുസരിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആറോളം തട്ടുകടകള്‍ പൂര്‍ണമായി അടപ്പിച്ചു. ജില്ലയിലെ വിവിധ കുപ്പിവെള്ള നിര്‍മാണ യൂനിറ്റുകളിലും പരിശോധന നടത്തിയിരുന്നു. ഇവയുടെ സാമ്പ്ളുകള്‍ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. കുലുക്കിസര്‍ബത്തുകളില്‍ ഗുണനിലവാരമില്ലാത്ത ഐസ് ചേര്‍ക്കുന്നതായാണ് കണ്ടിട്ടുള്ളത്. മോശമായ സാഹചര്യത്തില്‍ ഐസ് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ചെറുതും വലുതുമായി എല്ലാ കടകളിലും ശുദ്ധമായ ജലമാണ് ശീതളപാനീയങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്താനും പ്രത്യേക പരിശോധന നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.