കറുകപ്പിള്ളി കോരന്‍കടവ് പാലം: അഞ്ചുവര്‍ഷം കൊണ്ട് നിര്‍മിച്ചത് അഞ്ച് കോണ്‍ക്രീറ്റ് തൂണുകള്‍

കോലഞ്ചേരി: തെരഞ്ഞെടുപ്പ് അടുത്തതോടെ നാട്ടിലെങ്ങും ഉദ്ഘാടനങ്ങളുടെ പൊടിപൂരമാണ്. റോഡും, പാലവും, ആശുപത്രിയും ഒക്കെ ഉദ്ഘാടനം ചെയ്തെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ കറുകപ്പിള്ളിക്കാര്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പാതിവഴിയില്‍ പണി നിലച്ച കോരന്‍കടവ് പാലത്തിലേക്ക് നോക്കും. ഒന്നും രണ്ടുമല്ല, നീണ്ട അഞ്ചുവര്‍ഷമായി പാലത്തിന്‍െറ നിര്‍മാണം തുടങ്ങിയിട്ട്. ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ. ആകെ നിര്‍മിച്ചത് അഞ്ച് കോണ്‍ക്രീറ്റ് തൂണുകള്‍ മാത്രം. പണി പൂര്‍ണമായും നിലച്ചിട്ട് രണ്ടരവര്‍ഷമാകുന്നു. മൂവാറ്റുപുഴയാറിന് കുറുകെ കുന്നത്തുനാട്-പിറവം നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പൂതൃക്ക-രാമമംഗലം പഞ്ചായത്ത് അതിര്‍ത്തിയിലാണ് കോരന്‍കടവ് പാലം. ഇരു കരയിലെയും അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വരുത്തിയ വീഴ്ചയാണ് പാലം നിര്‍മാണത്തില്‍ വില്ലനായത്. 2010ല്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 10.9 കോടി രൂപ അനുവദിച്ചാണ് പാലം നിര്‍മാണം തുടങ്ങിയത്. 138 മീറ്റര്‍ നീളവും 13.5 മീറ്റര്‍ വീതിയുമായിരുന്നു നിര്‍ദിഷ്ട പാലത്തിനുണ്ടായിരുന്നത്. പാലത്തിനും റോഡിനുമായി കുന്നത്തുനാട് മണ്ഡലത്തിലെ കറുകപ്പിള്ളി ഭാഗത്ത് 12 കുടുംബങ്ങളുടെ 52 സെന്‍റ് ഭൂമിയും, രാമമംഗലം പഞ്ചായത്തില്‍ 12 സെന്‍റ് ഭൂമിയുമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. പാലത്തിനുവേണ്ട ഏഴ് തൂണുകളില്‍ അഞ്ചെണ്ണത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ബാക്കിയുള്ള രണ്ട് തൂണുകളുടെ നിര്‍മാണം തുടങ്ങിയിട്ടില്ല. ഇവ രണ്ടും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ഭൂമിയിലാണ് നിര്‍മിക്കേണ്ടത്. കരാറുകാരന്‍ അഞ്ച് തൂണുകളുടെ പണി പൂര്‍ത്തിയാക്കി കരാര്‍ തുകയുടെ പകുതിയിലേറെ കൈപ്പറ്റിയെന്ന് ആക്ഷേപമുണ്ട്. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വരുത്തിയ വീഴ്ചയാണ് പാലം നിര്‍മാണത്തില്‍ വില്ലനായത്. മൂന്ന് വര്‍ഷംമുമ്പ് കടത്തുവഞ്ചി മറിഞ്ഞ് പ്രദേശവാസികളുടെ ഏക ആശ്രയമായിരുന്ന കടത്തുകാരന്‍ മരിച്ചു. ഇതോടെ നാട്ടുകാരുടെ യാത്രാ ദുരിതം വര്‍ധിച്ചു. കറുകപ്പിള്ളിയിലും സമീപ പ്രദേശങ്ങളിലെയും വിദ്യാര്‍ഥികളും രോഗികളും രാമമംഗലത്തെ സ്കൂളിലേക്കും ആശുപത്രിയിലേക്കും പോകുന്നത് ഒമ്പതു കിലോമീറ്റര്‍ അധികം ചുറ്റിയാണ്. പാലത്തിന്‍െറ നിര്‍മാണച്ചെലവും ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. നിര്‍മാണം അനിശ്ചിതമായി നീളുമ്പോള്‍ നിര്‍മാണ തുക ഇനിയും വര്‍ധിപ്പിക്കേണ്ടിവരും. തങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായ പാലം എന്നെങ്കിലും പൂര്‍ത്തിയാകുമോയെന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.