നഗരത്തില്‍ രണ്ടിടത്ത് മാലപൊട്ടിക്കാന്‍ ശ്രമം

ആലുവ: ആലുവ നഗരത്തില്‍ രണ്ടിടത്ത് മാലപൊട്ടിക്കാന്‍ ശ്രമം. മോഷണശ്രമത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് നഗരത്തില്‍ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം നടന്നത്. ഇരു സ്ത്രീകളും ചികിത്സയിലാണ്. നഗരസഭാ തൂപ്പുകാരിയെ പടിക്കെട്ടില്‍നിന്ന് മോഷ്ടാവ് തള്ളിയിട്ടതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. മറ്റൊരു സംഭവത്തില്‍ യുവതിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു. രാവിലെ ഏഴിന് ടാസ് റോഡിലെ പണിസ്ഥലത്തേക്ക് പോവുകയായിരുന്ന ചെമ്പകശ്ശേരി കൃഷ്ണതീര്‍ഥത്തില്‍ കെ.ആര്‍. മണിയുടെ(57)ഒന്നര പവന്‍െറ മാലയാണ് പൊട്ടിക്കാന്‍ ശ്രമമുണ്ടായത്. സെന്‍റ് സേവ്യേഴ്സ് കോളജിനു മുന്നിലെ പടിക്കെട്ടിലൂടെ പോവുകയായിരുന്നു മണി. പടിക്കെട്ടിന് സമീപത്തുനിന്ന മോഷ്ടാവ് മണിയുടെ മാലയില്‍ പിടിത്തമിട്ടു. പിടിവലിയില്‍ മാല പൊട്ടി പകുതി മോഷ്ടാവ് കൈക്കലാക്കി മണിയെ പടിക്കെട്ടില്‍നിന്ന് താഴേക്ക് തള്ളിയിട്ടു. 23 പടികളിലൂടെ മറിഞ്ഞുവീണു. ഇതിനിടെ മോഷ്ടാവിന്‍െറ കൈയില്‍ അകപ്പെട്ട മാലയുടെ പകുതി ഭാഗം താഴെ വീണിരുന്നു. പിന്നീട് നാട്ടുകാര്‍ കണ്ടത്തെി മണിയെ ഏല്‍പിച്ചു. മണിയുടെ മകന്‍ ഷിബുവും ആലുവ നഗരസഭാ ജീവനക്കാരനാണ്. മണിയുടെ തലയിലെ മുറിവില്‍ നാലു തുന്നിക്കെട്ടലുണ്ട്. കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് സ്റ്റീല്‍ ഇട്ടിരിക്കുകയാണ്. മോഷ്ടാവിനെ പിടികൂടാനായില്ല. ബാങ്ക് ജങ്ഷനിലെ നഗരസഭയുടെ പാര്‍ക്ക് അവന്യൂ ബില്‍ഡിങ്ങിലാണ് രണ്ടാമത്തെ സംഭവം. ബില്‍ഡിങ്ങിലെ ശുചിമുറിയില്‍ പോയി തിരിച്ചു വന്ന ഗര്‍ഭിണിയായ വാഴക്കുളം സ്വദേശിനി മഞ്ജുവിന്‍െറ കണ്ണില്‍ മുളകുപൊടിയിട്ടാണ് മാല മോഷ്ടിക്കാന്‍ ശ്രമമുണ്ടായത്. കെട്ടിടത്തിലെ തുണിക്കടയില്‍ ജോലിക്കാരിയാണ് യുവതി. യുവതി ബഹളമുണ്ടാക്കിയതോടെ സമീപമുണ്ടായിരുന്നവര്‍ ഓടിക്കൂടി മോഷ്ടാവിനെ പിടികൂടി. എടയപ്പുറം ചന്ദ്രാലയത്തില്‍ സുനിലിനെയാണ് (41) പിടികൂടിയത്. ഇയാളെ പൊലീസില്‍ ഏല്‍പിച്ചു. പരിക്കേറ്റ മഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.