നഗരത്തിലെ ഗതാഗത പരിഷ്കാരം: ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കും

മൂവാറ്റുപുഴ: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ട്രാഫിക് ഉപദേശക സമിതി തീരുമാനം. ജൂലൈ ഒന്നു മുതല്‍തന്നെ പരിഷ്കാരം നടപ്പാക്കാനാണ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലെ തീരുമാനം. ടി.ബി. റോഡ്, കാവുംപടി റോഡുകള്‍ വണ്‍വേ ആക്കും. അരമന ജങ്ഷന്‍ മുതല്‍ പി.ഒ ജങ്ഷന്‍ വരെ യു ടേണ്‍ അനുവദിക്കില്ല. കാവുംപടി റോഡില്‍ പാര്‍ക്കിങ് ഒരു വശത്തു മാത്രമാക്കും എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ടി.ബി. റോഡ് എം.സി. റോഡില്‍ സന്ധിക്കുന്ന ഭാഗം മുതല്‍ പി.ഒ. ജങ്ഷന്‍ വരെയുളള ഭാഗം ഡബിള്‍ ലൈന്‍ ഗതാഗതമാക്കും. ആരക്കുഴ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ നാസ് റോഡ് വഴി എം.സി റോഡില്‍ കയറി കെ.എസ്.ആര്‍.ടി.സിയുടെ മുന്നിലൂടെ കച്ചേരിത്താഴത്തത്തൊനും തീരുമാനമുണ്ട്. കച്ചേരിത്താഴം മുതല്‍ പി.ഒ വരെ പാര്‍ക്കിങ് നിരോധിക്കും. അരമനക്കു മുന്നിലെയും എസ്.എന്‍.ഡി.പി ജങ്ഷനിലെയും ബസ്സ്റ്റോപ്പ് മാറ്റി ബി.എസ്.എന്‍.എല്‍ ഓഫിസിനു മുന്നിലാക്കും. കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ റോട്ടറി റോഡ് വഴി തിരിച്ചുവിടും. എം.സി റോഡ് വഴി കോതമംഗലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഇ.ഇ.സി മാര്‍ക്കറ്റ് റോഡ് വഴി തിരിച്ചുവിടും. ഇ.ഇ.സി മാര്‍ക്കറ്റ് വഴി വരുന്ന വാഹനങ്ങള്‍ എം.സി റോഡില്‍ പ്രവേശിച്ച് ഇടത്തോട്ടുതിരിഞ്ഞ് നെഹ്റു പാര്‍ക്ക് ചുറ്റി പെരുമ്പാവൂര്‍, എറണാകുളം ഭാഗത്തേക്ക് പോകണം. ഐ.ടി.ആര്‍ മുന്‍വശത്ത് ബസുകള്‍ നിര്‍ത്തുന്നത് തടഞ്ഞ് കാര്‍ഷിക ബാങ്കിന് സമീപം ബസ് സ്റ്റോപ്പ് അനുവദിക്കും. എവറസ്റ്റ് ജങ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് വരെ വാഹനങ്ങള്‍ പൊളിക്കുന്നത് ഒഴിപ്പിക്കും. സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ പ്രധാന സ്ഥലങ്ങളില്‍ സി.സി ടി.വി. സംവിധാനം ഏര്‍പ്പെടുത്തും. ടൗണിലെയും പാലത്തിലെയും കുഴികള്‍ അടക്കുന്നതിന് അടിയന്തര സംവിധാനമൊരുക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് യോഗം നിര്‍ദേശിച്ചു. നഗരസഭാ ചെയര്‍പേഴ്സന്‍ ഉഷ ശശിധരന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എമാരായ ബാബു പോള്‍, ജോണി നെല്ലൂര്‍, മുന്‍ ചെയര്‍മാന്മാരായ എ. മുഹമ്മദ് ബഷീര്‍, എം.എ. സഹീര്‍, പി.എം. ഇസ്മായില്‍, മേരി ജോര്‍ജ് തോട്ടം, ജനപ്രതിനിധികള്‍, പൊലീസ്, ഗതാഗത, റവന്യൂ, പൊതുമരാമത്ത് വകുപ്പ് മേധാവികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.