മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ ഗവ. എല്‍.പി സ്കൂള്‍ അധ്യാപകരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസം എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. ഈമാസം 30ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റിന്‍െറ കാലാവധി സര്‍ക്കാര്‍ ആറുമാസം കൂടി നീട്ടിയതോടെ ലിസ്റ്റിലെ ഏതാനും ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിസാധ്യതയേറി. അതേസമയം, ജില്ലയിലെ ഒഴിവുകള്‍ യഥാസമയം കൃത്യമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പ് തയാറാകാത്തതിനാല്‍ ലിസ്റ്റിലെ ഭൂരിഭാഗം പേര്‍ക്കും അവസരം നഷ്ടമാകുമെന്നതാണ് സ്ഥിതി. മറ്റ് ജില്ലകളിലെ ഒഴിവുകളില്‍ നിയമനം നടന്നെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞാണ് ജില്ലയില്‍ ഇതുവരെ നിയമനം നടത്താത്തത്. വിരമിക്കല്‍, സ്ഥലംമാറ്റം, എച്ച്.എം പ്രമോഷന്‍ വഴി 66 ഒഴിവുകളും 1:30 അനുപാതത്തില്‍ 72 ഒഴിവുകളും അടക്കം ജില്ലയില്‍ ആകെ 138 ഒഴിവുകള്‍ നിലവിലുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഒഴിവുകളത്രയും റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍നിന്നും നടപടിയെടുക്കാത്തതാണ് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. 2012 ഏപ്രിലിലാണ് എല്‍.പി.എസ്.എയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. 300ലധികം പേരാണ് മെയിന്‍ ലിസ്റ്റില്‍ മാത്രം ഉള്‍പ്പെട്ടിട്ടുള്ളത്. ജനറല്‍ വിഭാഗത്തില്‍ 50, സംവരണ വിഭാഗത്തില്‍ 40 എന്നിങ്ങനെ 90 പേരുടെ നിയമനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. വിദ്യാര്‍ഥി -അധ്യാപക അനുപാതം നിശ്ചയിക്കുന്നതില്‍ വന്ന കാലതാമസമാണ് നിയമനം നടക്കാതിരിക്കുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. കൂടാതെ വിരമിക്കല്‍, സ്ഥലംമാറ്റം, എച്ച്.എം പ്രമോഷന്‍ വഴിയുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അധികൃതര്‍ തയാറായിട്ടില്ല. ഇതിനെതിരെ ഏതാനും ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ച് അനുകൂല വിധിയും സമ്പാദിച്ചിരുന്നു. പെരുമ്പാവൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കോടനാട് ഗവ. യു.പി സ്കൂളിലെയും സമീപ സ്കൂളുകളിലെയും അധ്യാപ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും ബാലവകാശ കമീഷന് പരാതി നല്‍കിയിട്ടുണ്ട്. കോതമംഗലം സബ് ജില്ലയിലെ ഇടമലയാര്‍ ഗവ. യു.പി സ്കൂളില്‍ എല്‍.പി വിഭാഗത്തില്‍ ഒരു ടീച്ചര്‍ മാത്രമാണുള്ളത്. മൂന്ന് അധ്യാപകരുടെ ഒഴിവാണ് ഇവിടെയുള്ളത്. ഏറ്റവും കൂടുതല്‍ എല്‍.പി.എസ്.എ അധ്യാപകരുടെ ഒഴിവുകളുള്ളത് പെരുമ്പാവൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്. 34 അധ്യാപകരുടെ ഒഴിവാണ് ഇവിടെയുള്ളത്. കോതമംഗലം (26), മൂവാറ്റുപുഴ (ആറ്) കൂത്താട്ടുകുളം (11), പിറവം (14), പറവൂര്‍ (14) മട്ടാഞ്ചേരി (നാല്), കോലഞ്ചേരി (17), ആലുവ (അഞ്ച്) അങ്കമാലി (നാല്) കല്ലൂര്‍ക്കാട് (രണ്ട്) തൃപ്പൂണിത്തുറ (രണ്ട്) എന്നിങ്ങനെയാണ് നിലവിലുള്ള ഒഴിവുകള്‍. ഇതിനിടെ 1:30 അടിസ്ഥാനത്തില്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകരുടെ തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കുകയും നിയമനങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തിട്ടും സര്‍ക്കാര്‍ സ്കൂളിലെ അധിക തസ്തികകളില്‍ അധ്യാപകരെ നിയമിക്കാത്തതും വിവാദമായിട്ടുണ്ട്. എയ്ഡഡ് മേഖലയില്‍ ജില്ലയില്‍ നൂറിലധികം അധ്യാപകരാണ് അധികമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.