ബെന്നി മൂഞ്ഞേലിയുടെ പരാജയത്തിന് പിന്നില്‍ ജോസ് തെറ്റയിലെന്ന്

അങ്കമാലി: മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ബെന്നി മൂഞ്ഞേലിയുടെ പരാജയത്തിനുപിന്നില്‍ ജോസ് തെറ്റയിലായിരുന്നുവെന്ന് ജനതാദള്‍ -എസ് നിയോജക മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ലൈംഗികാരോപണ വിധേയനായ മുന്‍ മന്ത്രിയും എം.എല്‍.എയുമായിരുന്ന ജോസ് തെറ്റയിലിന് പാര്‍ട്ടി സീറ്റ് നല്‍കാതിരുന്നതിന്‍െറ പ്രതിഷേധമെന്നോണമാണ് തെരഞ്ഞെടുപ്പില്‍ തുടക്കംമുതല്‍ മാറിനില്‍ക്കുകയും ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് ദോഷകരമാകുന്ന വിധം പ്രവര്‍ത്തിക്കുകയും ചെയ്തതെന്ന് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പൗലോസ്, മണ്ഡലം സെക്രട്ടറി കെ.വി.ടോമി എന്നിവര്‍ കുറ്റപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാര്‍ഥി വിജയിക്കുന്നതിന് മണ്ഡലത്തില്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമായിരുന്നു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. എന്നാല്‍ ബെന്നി തെരഞ്ഞെടുക്കപ്പെടുന്നത് ഇല്ലാതാക്കാന്‍ തെറ്റയില്‍ ആസൂത്രിത നീക്കമായിരുന്നു നടത്തിയിരുന്നതെന്ന് അവര്‍ ആരോപിച്ചു. ബെന്നിയെ പരാജയപ്പെടുത്തുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളടക്കം 15 പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കും. അടുത്ത ദിവസങ്ങളില്‍ അതിന്‍െറ അന്വേഷണം ആരംഭിക്കുകയും ചെയ്യും. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും മുന്നണിബന്ധം കാര്യക്ഷമമാക്കുന്നതിനും മണ്ഡലം കമ്മിറ്റി കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളതായും നേതാക്കള്‍ അറിയിച്ചു. പി.എം.മത്തായി, ബി.പി.ടോമി, ഫ്രാന്‍സിസ് തെറ്റയില്‍, കെ.ഒ.ആന്‍റണി, ലിറ്റോ കാച്ചപ്പിള്ളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.