കാന്‍സര്‍ ഒ.പി ഒരുമാസത്തിനകം

കൊച്ചി: നിര്‍ദിഷ്ട കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒ.പി വിഭാഗം ഒരുമാസത്തിനകം തുടങ്ങാന്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. കെട്ടിടത്തിലെ അടിയന്തരാവശ്യങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ പാകത്തില്‍ നടപടികള്‍ ക്രമീകരിക്കാന്‍ സ്പെഷല്‍ ഓഫിസറുടെ ചുമതലയുള്ള കലക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശിച്ചു. ഒ.പി തുടങ്ങാനാവശ്യമായവയുടെ മുന്‍ഗണനയനുസരിച്ചുള്ള പട്ടിക ബുധനാഴ്ചതന്നെ സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് കലക്ടര്‍ കാന്‍സര്‍ കേന്ദ്രത്തിലത്തെി ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. കാന്‍സര്‍ ഒ.പി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് അധികൃതരുമായുള്ള ധാരണാപത്രം ഇതിനകം തയാറായിക്കഴിഞ്ഞു. ഏതൊക്കെ തരത്തിലുള്ള സഹകരണമാണ് ഇരുസ്ഥാപനങ്ങള്‍ക്കും ഇടയില്‍ ഉണ്ടാകേണ്ടത്, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍, അത്യാവശ്യം വേണ്ട ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ സേവനം, മറ്റ് പരിശോധന സംവിധാനം തുടങ്ങിയവയില്‍ ഇതിനകം വ്യക്തയുണ്ടാക്കിയിട്ടുണ്ട്. ചില ഭേദഗതികള്‍ നിര്‍ദേശിച്ചതുകൂടി പരിഗണിച്ച് അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ധാരണാപത്രം ഒപ്പിടുമെന്ന് കലക്ടര്‍ പറഞ്ഞു. താഴെത്തെ നിലയില്‍ ഒ.പി തുടങ്ങുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. നാല് ഒ.പി കണ്‍സള്‍ട്ടിങ് മുറികള്‍ തയാറാക്കിയിട്ടുണ്ടെങ്കിലും ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ കസേരയുള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങള്‍ ആയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന്‍െറ ഭാഗമായി ഓരോ മുറികള്‍ തിരിച്ചും ആവശ്യമുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പട്ടികയാണ് നല്‍കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടത്. കാന്‍സര്‍ സ്പെഷലിസ്റ്റായ ഡോ. ഉഷശ്രീ വാര്യര്‍ ഒ.പി തുടങ്ങുന്നതിനാവശ്യമായ കാര്യങ്ങളുടെ പട്ടിക ബുധനാഴ്ച കലക്ടര്‍ക്ക് കൈമാറും. ഒന്നാംനിലയിലെ ലാബ്, മാമോഗ്രാഫി യൂനിറ്റ് എന്നിവകൂടി സജ്ജമാക്കിയാല്‍ ഒ.പി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന വിലയിരുത്തലുണ്ട്. ഇവിടെയും രണ്ടാം നിലയിലും കെട്ടിടം സജ്ജമായിട്ടുണ്ടെങ്കിലും വൈദ്യുതീകരണ പ്രവൃത്തികള്‍ നടക്കാത്തതാണ് പ്രധാനപ്രശ്നം. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനത്തിന് പൊതുമരാമത്ത് വകുപ്പധികൃതരുമായി കലക്ടര്‍ സംസാരിച്ചു. ഓങ്കോളജിസ്റ്റ് ഡോ. ഉഷശ്രീ വാര്യര്‍, മെഡിക്കല്‍ പ്രിന്‍സിപ്പലിന്‍െറ ചുമതല വഹിക്കുന്ന ഡോ. ജയശ്രീ, ആര്‍.എം.ഒ ഡോ. ജീവന്‍, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിന്ദു തുടങ്ങിയവരും മെഡിക്കല്‍ കോളജിലെ വിവിധവിഭാഗം ജീവനക്കാരും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.