രോഗം പരത്തി അനധികൃത അറവുശാലകള്‍

ചാരുംമൂട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ രോഗം പരത്തുന്ന കേന്ദ്രങ്ങളായി മാറുന്നു. ആടുമാടുകളുടെയും കോഴിയുടെയും ഇറച്ചി വില്‍പന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടത്തുന്നത്. താല്‍ക്കാലികമായും അല്ലാതെയും നിരവധി അറവുശാലകള്‍ നാട്ടിലാകെ പ്രവര്‍ത്തിക്കുമ്പോള്‍ മാംസത്തിന്‍െറ ഗുണനിലവാരപരിശോധന നടത്തുന്നില്ല. ഇത് ഉയര്‍ത്തുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കണ്ടില്ളെന്ന് നടിക്കുകയാണ്. ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ അംഗീകാരമുള്ള അറവുശാലകള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്. എന്നാല്‍, നൂറുകണക്കിന് അറവുശാലകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. അനധികൃത കശാപ്പിനും ഇറച്ചിവില്‍പനക്കുമെതിരെ നടപടി മുമ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അധികൃതരുടെ പരിശോധന പോലുമില്ല. പലപ്പോഴും സമ്മര്‍ദങ്ങളും വന്‍ ഇടപെടലുകളും മൂലം നിയമം നോക്കുകുത്തിയാകുന്ന അവസ്ഥയാണ്. തെരുവോരങ്ങളില്‍ കശാപ്പുശാലകള്‍ ഉയരുന്നതും ഇല്ലാതാകുന്നതും പെട്ടെന്നാണ്. അതുകൊണ്ടാണാണ് നടപടി അസാധ്യമാകുന്നതെന്ന് അധികൃതര്‍ പറയുന്നത്. എന്നാല്‍, പഞ്ചായത്തധികാരികള്‍ ഇതൊന്നും കണ്ടില്ളെന്ന് നടിക്കുകയാണ്. ശാസ്ത്രീയ കശാപ്പ് എങ്ങും നടക്കുന്നില്ളെന്ന് അധികൃതര്‍ പറയുന്നു. കശാപ്പിനിടെ വേദനയറിയാത്ത മരണം മൃഗങ്ങള്‍ക്ക് ഉറപ്പാക്കണമെന്നാണ് നിയമം. ചെറിയ തോക്ക് ഉപയോഗിച്ച് കണ്ണുകള്‍ക്ക് നടുവിലുള്ള ഭാഗത്ത് നെറ്റിയോടുചേര്‍ന്ന് വെടിവെച്ച് അബോധാവസ്ഥയിലാക്കിയ ശേഷമെ മൃഗങ്ങളെ വെട്ടാവൂ. കൊല്ലുന്നതിനുമുമ്പ് വൃത്തിയുള്ള തൊഴുത്തില്‍ മൃഗങ്ങള്‍ക്ക് പൂര്‍ണവിശ്രമം നല്‍കണം. ഇല്ളെങ്കില്‍ ജൈവരാസ പ്രക്രിയയിലൂടെ ഇറച്ചിയുടെ ഗുണനിലവാരം നശിക്കുമെന്ന് പറയുന്നു. കൊല്ലുന്നതിന് തലേന്ന് 12 മണിക്കൂര്‍ മുമ്പ് ഭക്ഷണം കൊടുക്കുന്നത് അവസാനിപ്പിക്കണം. രാവിലെ കുളിപ്പിച്ച് വൃത്തിയാക്കി മൃഗഡോക്ടര്‍ പരിശോധിച്ച് രോഗമില്ളെന്ന് ഉറപ്പാക്കണം. കശാപ്പിനുശേഷം ആന്തരികാവയവങ്ങള്‍ പരിശോധന നടത്തി മാംസം ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കുകയും വേണം. ക്ഷയരോഗബാധയോ മറ്റെന്തെങ്കിലും മാരകരോഗമോ കണ്ടത്തെിയാല്‍ മാംസം മുഴുവന്‍ നശിപ്പിക്കണമെന്നുമാണ് നിയമം. പക്ഷേ, ഇതൊന്നും പാലിക്കപ്പെടുന്നില്ല. ആടുമാടുകളെ ജീവനോടെ കത്തി ഉപയോഗിച്ച് മുറിച്ചുകൊല്ലുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇറച്ചി വാങ്ങാന്‍ വരുന്നവരുടെ കണ്‍മുന്നില്‍ വെച്ച് തടിക്കഷണത്തിന് മുകളില്‍വെച്ച് കഴുത്തറത്തും തടിക്കഷണംകൊണ്ട് തലക്കടിച്ചുമാണ് പല ഭാഗങ്ങളിലും കോഴിയെ കൊല്ലുന്നത്. ഇതെല്ലാം നിയമവിരുദ്ധമാണ്. പഞ്ചായത്തുതലത്തില്‍ നടപടി സ്വീകരിച്ചാല്‍ അനധികൃത കശാപ്പ് ഇല്ലാതാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.