ഫോര്‍ട്ടുകൊച്ചിയില്‍ കടല്‍ കയറുന്നു; ചീനവലകള്‍ നശിക്കുന്നു

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയില്‍ കടല്‍ കരകയറിയതിനെ തുടര്‍ന്ന് ചീനവലകള്‍ ഭീഷണിയില്‍. ബാസ്റ്റിന്‍ ബംഗ്ളാവിന് പിറകിലത്തെ ചീനവല ഏതാണ്ട് നശിച്ചുതുടങ്ങി. രാത്രിസമയങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമാകുന്നത്. തിരയടിച്ച് ചീനവലയുടെ കഴകള്‍ ഇളകിയ നിലയിലാണ്. വലയുമായി ബന്ധപ്പെട്ട പതിനഞ്ചോളം തൊഴിലാളികളാണ് ഇപ്പോള്‍ പ്രയാസത്തിലായിരിക്കുന്നത്. ചീനവലകള്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ്. കാര്യമായ മത്സ്യലഭ്യതയില്ലാത്തതിനാല്‍ ചീനവലകള്‍ പ്രതിസന്ധി നേരിടുകയാണ്. അറ്റകുറ്റപ്പണികള്‍ക്കായി നീളംകൂടിയ തേക്കിന്‍കഴകള്‍ കിട്ടാത്തതും ഇവയുടെ ഭീമമായ വിലയും താങ്ങാനാവാത്തതുമൂലം ചീനവലകള്‍ ഉടമകളും തൊഴിലാളികളും ഉപേക്ഷിക്കുകയാണ്. തീരത്തുണ്ടായിരുന്ന ചീനവലകള്‍ പലതും നാശത്തിന്‍െറ വക്കിലാണ്. 35ഓളം ചീനവലകള്‍ നേരത്തേ ഫോര്‍ട്ടുകൊച്ചി കടല്‍തീരത്തും കമാല കടവിലുമായി ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് പതിനൊന്നെണ്ണം മാത്രമാണ്. കൊച്ചിയുടെ അടയാളമായി സംസ്ഥാന സര്‍ക്കാറിന്‍െറ ടൂറിസം ബ്രോഷറുകളിലും ലഘുലേഖകളിലും ചൂണ്ടിക്കാട്ടുന്ന ചീനവലകള്‍ സംരക്ഷിക്കാന്‍ ടൂറിസം അധികൃതരോ നഗരസഭയോ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ചൈനീസ് സര്‍ക്കാര്‍ ഇവയുടെ സംരക്ഷണത്തിന് രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തുവെങ്കിലും സര്‍ക്കാര്‍ നിരസിച്ചതും വിമര്‍ശത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.