നഗരസഭയുടെ അലംഭാവം; കേസുകള്‍ തോല്‍ക്കുന്നതായി ആക്ഷേപം

മൂവാറ്റുപുഴ: നഗരസഭയുടെ അലംഭാവം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകള്‍ നിരന്തരം തോല്‍ക്കുന്നതായി ആക്ഷേപം. ഹൈകോടതി, കീഴ്കോടതികള്‍ എന്നിവിടങ്ങളിലായി നിരവധി കേസാണ് മൂവാറ്റുപുഴ നഗരസഭക്കുള്ളത്. കേസുകളുടെ നിജസ്ഥിതി, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേസുകള്‍ എന്നതിനെ സംബന്ധിച്ച് നഗരസഭയില്‍ ചോദിച്ചാല്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. കൈയേറ്റം, നിര്‍മാണം, ലേല തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് നഗരസഭയുടെ കേസുകള്‍. ഇവ പരാജയപ്പെടുന്നത് വഴി വന്‍നഷ്ടമാണ് നഗരസഭക്ക് സംഭവിക്കുന്നത്. കേസുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയതോടെ എല്ലാ വകുപ്പിലും ഒരു സ്യൂട്ട് ക്ളര്‍ക്കിനെയും ഒരു ജനറല്‍ സ്യൂട്ട് ക്ളര്‍ക്കിനെയും നിയമിക്കാനാണ് പുതിയ നീക്കം. എല്ലാ സെക്ഷന്‍ ക്ളര്‍ക്കുമാരും നിലവിലെ കേസുകളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്യൂട്ട് ക്ളര്‍ക്കിന് നല്‍കണമെന്നാണ് നിര്‍ദേശം. പല വകുപ്പിലും കേസ് ലഭിച്ചാല്‍ യഥാസമയം വക്കീലിനെ അറിയിക്കില്ല. വക്കാലത്ത് ഫോറം നല്‍കുകയോ സംഭവത്തിന്‍െറ നിജസ്ഥിതി തയാറാക്കി നല്‍കുകയോ ചെയ്യാറില്ളെന്ന് ആരോപണമുണ്ട്. എന്നാല്‍, ഇതൊന്നും അന്വേഷിക്കാന്‍ അധികാരികള്‍ തയാറാകുന്നുമില്ല. പല കേസിലും വിചാരണദിവസത്തിന് തലേന്നാണ് വിവരങ്ങള്‍ വക്കീലിന് കൈമാറുന്നത്. ഇതുമൂലം കേസുകള്‍ നഗരസഭക്ക് പ്രതികൂലമാകുന്ന അവസ്ഥയാണ്. ഇതുസംബന്ധിച്ച് വകുപ്പില്‍നിന്ന് സെക്രട്ടറിയോട് വിശദീകരണം തേടിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. വകുപ്പുതലവന്മാര്‍ കേസിന്‍െറ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജാഗ്രത കാണിക്കാറില്ല. കേസ് സംബന്ധ വിവരങ്ങള്‍ യഥാസമയം സ്യൂട്ട് ക്ളര്‍ക്കുമാര്‍ നഗരസഭാ വക്കീലിന് നല്‍കുന്നെന്ന് വകുപ്പ് തലവന്മാര്‍ ഉറപ്പു വരുത്തുന്നുമില്ല. കേസ് പുരോഗതി വിവരങ്ങള്‍ സംബന്ധിച്ച് ഇടക്കിടെ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായി സംസാരിച്ച് വിലയിരുത്തണമെന്നാണ് സെക്രട്ടറിയുടെ പുതിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.