കൊച്ചി: ജിഷയുടെ കൊലയാളികളെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ.ജി ഓഫിസ് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജിഷയുടെ കൊലപാതകം നടന്ന് 35 ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടുന്നതിന് പകരം രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് പ്രകാശ് ബാബു പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ രണ്ടുതവണ മാറ്റിയതും എ.ഡി.ജി.പി സന്ധ്യയുടെ മുമ്പാകെ കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചനും മകനുമെതിരായ തെളിവുകള്‍ കിട്ടിയിട്ടും അവരെ ചോദ്യംചെയ്യാതിരുന്നതും അതുകൊണ്ടാണ്. ഡി.എന്‍.എ ടെസ്റ്റിന്‍െറയും രേഖാചിത്രത്തിന്‍െറയും മറവില്‍ അന്വേഷണം വഴിതിരിച്ചുവിട്ട് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമമാണ് പൊലീസ് സ്വീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകളെ ചോദ്യംചെയ്യുകയും അഞ്ചുലക്ഷത്തിലധികം ഫോണ്‍കാളുകള്‍ പരിശോധിക്കുകയും ചെയ്ത കേരള പൊലീസിനെക്കൊണ്ട് പി.പി. തങ്കച്ചനെയും മകനെയും ചോദ്യംചെയ്യിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് വ്യക്തമാക്കണം. അധികാരത്തിലേറി 24 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ്ചെയ്യുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയന്‍ 24 മണിക്കൂറിനുള്ളില്‍ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം കൊടുത്തതും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികളെ രക്ഷിക്കാനുള്ള ശ്രമം യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മേനകയില്‍നിന്നാരംഭിച്ച മാര്‍ച്ച് ഐ.ജി ഓഫിസിനു മുന്നില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറിയ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു. പ്രസംഗത്തിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വീണ്ടും ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ദിനില്‍ ദിനേശ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, യുവമോര്‍ച്ച സംസ്ഥാന നേതാക്കള്‍, ബി.ജെ.പി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.