കൊച്ചി: ഫാക്ട് അമ്പലമേട് ഡിവിഷനിലേക്ക് ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്ന സംഭവത്തില്‍ സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കാമെന്നു സമ്മതിച്ച് ഫാക്ട് മാനേജ്മെന്‍റ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, സംയുക്ത അന്വേഷണ സമിതിയുടെ ചില നിര്‍ദേശങ്ങള്‍ പരിഹരിക്കാന്‍ സാവകാശം വേണമെന്ന് ഫാക്ട് മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പരിശോധിച്ച് ഒരാഴ്ചക്കുള്ളില്‍ ബാര്‍ജ് മുഖേനയുള്ള അമോണിയ നീക്കത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധം നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. അമോണിയ ചോര്‍ച്ച പോലെയുള്ള അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ചോര്‍ച്ച അടക്കുന്നതിനും വാട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് വെഹിക്ള്‍ വാങ്ങണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ഫാക്ട് മാനേജ്മെന്‍റിന്‍െറ ആവശ്യം. ഇത് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഫാക്ട് അധികൃതര്‍ കലക്ടറെ അറിയിച്ചു. ഉദ്യോഗമണ്ഡലില്‍നിന്ന് ബാര്‍ജ് വഴി അമ്പലമേട് ഡിവിഷനിലേക്ക് അമോണിയ കടത്തിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടെന്ന് കലക്ടര്‍ നിയോഗിച്ച സംയുക്ത അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഫാക്ട് മാനേജ്മെന്‍റ് സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് കലക്ടറെ അറിയച്ചിരിക്കുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വിഭാഗം, പൊലിസ്, അഗ്നിശമനസേന എന്നിവരുടെ സംയുക്ത പരിശോധനയിലാണ് ഗുരുതര വീഴ്ച കണ്ടത്തെിയത്. ചോര്‍ച്ച പരിഹരിക്കാനുള്ള ആധുനിക സംവിധാനങ്ങളോ പരിശീലനം സിദ്ധിച്ച വിദഗ്ധരോ ബാര്‍ജിലുണ്ടായിരുന്നില്ല. വാര്‍ഷിക പരിശോധന കുറ്റമറ്റ രീതിയില്‍ നടത്തിയിരുന്നില്ല. ഈ സാഹര്യത്തില്‍ ഫാക്ട് അടിയന്തരമായി നടപ്പാക്കേണ്ട 23 നിര്‍ദേശങ്ങള്‍ സംയുക്ത അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ബാര്‍ജില്‍ റിമോട്ട് നിയന്ത്രിത വാല്‍വ്, രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ പരിശീലനം സിദ്ധിച്ചവര്‍, ബാര്‍ജിലെ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ കെമിക്കല്‍ സ്യൂട്ട്, വാതകച്ചോര്‍ച്ച തടയാന്‍ പത ഉപയോഗിച്ച് നേര്‍പ്പിക്കാന്‍ കഴിയുന്ന സംവിധാനം, വാതകച്ചോര്‍ച്ച ജനവാസകേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാന്‍ ബുള്ളറ്റുകളും ബാര്‍ജും മൂടിയിടാന്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ടാര്‍പോളിന്‍, ബുള്ളറ്റിലെ അത്യാഹിതങ്ങള്‍ ബാര്‍ജിന്‍െറ എന്‍ജിന്‍ മുറിയില്‍ അറിയാനുള്ള സെന്‍സര്‍ സംവിധാനം, ബാര്‍ജിലെ അനിഷ്ടസംഭവങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാനുള്ള ഉച്ചഭാഷണി, ബാര്‍ജ് സഞ്ചരിക്കുന്ന പ്രദേശത്തെ ജനസാന്ദ്രത പ്രദേശങ്ങള്‍ രേഖപ്പെടുത്തിയ റൂട്ട് മാപ്പ് എന്നീ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നാണ് ഫാക്ട് മാനേജ്മെന്‍റ് കലക്ടറെ അറിയച്ചിരിക്കുന്നത്. മേയ് 20ന് വൈകീട്ടാണ് ചമ്പക്കര പാലത്തിനു സമീപം അമോണിയ ചോര്‍ന്നത്. സംയുക്ത സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷം മാത്രമേ ബാര്‍ജ് വഴി അമോണിയ കടത്തുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം നീക്കുകയുള്ളൂവെന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.