മഴക്കെടുതി: മുന്‍കരുതലായി ജില്ലയില്‍ അഭയകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

കൊച്ചി: ജില്ലയില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പാര്‍പ്പിക്കാനുള്ള അഭയകേന്ദ്രങ്ങളുടെ പട്ടികയായി. ഇക്കൊല്ലം 30 ശതമാനം അധികമഴ ലഭിക്കുമെന്ന പഠനറിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജില്ല ദുരന്തനിവാരണ വിഭാഗം അധ്യക്ഷനായ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ അഭയകേന്ദ്രങ്ങള്‍ കണ്ടത്തെണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അഞ്ചുതാലൂക്കുകളിലായി 118 കേന്ദ്രങ്ങളാണ് ഇതിനായി കണ്ടത്തെിയിരിക്കുന്നത്. കൂടുതലും സ്കൂളുകളും മതസ്ഥാപനങ്ങളും ഓഡിറ്റോറിയങ്ങളുമാണ് അഭയകേന്ദ്രങ്ങളായി ശിപാര്‍ശ ചെയ്തിട്ടുള്ളത്. 31,855 പേരെ ഈ കേന്ദ്രങ്ങളിലായി പാര്‍പ്പിക്കാന്‍ കഴിയുമെന്നാണ് തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആലുവ, കോതമംഗലം, കുന്നത്തുനാട്, പറവൂര്‍, മൂവാറ്റുപുഴ താലൂക്കുകളിലായാണ് ഇപ്പോള്‍ ഇത്രയും കേന്ദ്രങ്ങള്‍ കണ്ടത്തെിയിട്ടുള്ളത്. കണയന്നൂര്‍, കൊച്ചി താലൂക്കുകളുടെ അഭയകേന്ദ്രങ്ങളുടെ പട്ടികയാണ് ഇനി കിട്ടാനുള്ളത്. കുന്നത്തുനാട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ പാര്‍പ്പിക്കാനുള്ള അഭയകേന്ദ്രങ്ങളുള്ളത്. 36 കേന്ദ്രങ്ങളിലായി ഇവിടെ 19,380 പേര്‍ക്ക് പാര്‍പ്പിടസൗകര്യം ഒരുക്കാനാവുമെന്നാണ് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. മൂവാറ്റുപുഴ താലൂക്കില്‍ രണ്ടു കേന്ദ്രങ്ങളാണ് കണ്ടത്തെിയിട്ടുള്ളത്. ഇവിടെ 210 പേരെ പുനരധിവസിപ്പിക്കാനാകും. ആലുവ താലൂക്കില്‍ 20 കേന്ദ്രങ്ങളാണ് പുനരധിവാസത്തിനായി കണ്ടത്തെിയിട്ടുള്ളത്. ഇവിട ങ്ങളിലായി 1635 പേര്‍ക്ക് താമസിക്കാനാവും. കോതമംഗലത്തെ 47 കേന്ദ്രങ്ങളിലായി 5045 പേര്‍ക്കാണ് പുനരധിവാസ സൗകര്യം. പറവൂരില്‍ 33 കേന്ദ്രങ്ങളിലായി 5585 പേര്‍ക്ക് പുനരധിവാസമൊരുക്കാനാവും. എല്ലായിടത്തും ടോയ്ലെറ്റ് ഉള്‍പ്പെടെയുള്ള എല്ലാവിധ ശുചിത്വസംവിധാനങ്ങളും ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതിനിടെ ജില്ല അടിയന്തരഘട്ട പ്രതികരണ കേന്ദ്രത്തിന്‍െറ (ഡി.ഇ.ഒ.സി.) നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. കേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്ന കലക്ടറേറ്റിലെ കൊച്ചു മുറിയില്‍നിന്ന് കൂടുതല്‍ വിശാലമായ ഓഫിസിലേക്കാണ് മാറുന്നത്. ഇതിന് അനുമതിലഭിച്ചാലുടന്‍ ഡി.ഡി.എം.എ. ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ പുതിയ കേന്ദ്രം സജ്ജമാക്കാനാണ് തീരുമാനം. കൊച്ചി താലൂക്കിലെ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം സി.ലതിക കഴിഞ്ഞദിവസം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പള്ളുരുത്തി, ചെല്ലാനം, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം. ചെല്ലാനം വില്ളേജിലെ വാര്‍ഡ് 15, 16 എന്നിവിടങ്ങളിലെ കടല്‍ഭിത്തി, മണല്‍വാട നിര്‍മാണം എന്നിവ ത്വരിതഗതിയിലാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് ബീന പി.ആനന്ദ്, കൊച്ചി ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ബന്ധപ്പെട്ട വില്ളേജ് ഓഫിസര്‍മാര്‍ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും ഉണ്ടായിരുന്നു. ചെല്ലാനം വില്ളേജില്‍ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഇറിഗേഷന്‍ വിഭാഗം അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.