എളങ്കുന്നപ്പുഴയില്‍ മയക്കുമരുന്ന്-മദ്യ വില്‍പന

വൈപ്പിന്‍: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പുതുവൈപ്പ്, മുരുക്കുംപാടം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന്, അനധികൃത മദ്യവില്‍പന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വ്യാപകമെന്ന് പരാതി. പടിഞ്ഞാറന്‍ മേഖലയില്‍ കാട് കയറിക്കിടക്കുന്ന സ്ഥലങ്ങളിലും മറ്റും തമ്പടിച്ചാണ് ഇവയുടെ വില്‍പനയും കൈമാറ്റവുമെന്ന് നാട്ടുകാര്‍ പറയുന്നു. പലമേഖലയില്‍നിന്നുള്ള ആളുകള്‍ ഇവിടെ എത്താറുണ്ട്. പുതുവൈപ്പ് ലൈറ്റ് ഹൗസ് റോഡ് പരിസരത്താണ് മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം. സ്ഥലവാസികളിലെ സാമൂഹികവിരുദ്ധര്‍ കൂട്ടുനില്‍ക്കുന്നുണ്ട്. സ്ത്രീകള്‍ക്കും മറ്റും വഴി നടക്കാനും വയ്യാത്ത അവസ്ഥയുണ്ടത്രേ. സാമൂഹികവിരുദ്ധരെ ഭയന്ന് ആരും പരാതിപ്പെടാറില്ല. പൊലീസ്, എക്സൈസ് നീക്കങ്ങള്‍ ഇവര്‍ക്ക് അപ്പപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുമൂലമാണ് വൈപ്പിനില്‍ വലിയ രീതിയില്‍ മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും നടന്നിട്ടും ഈ അടുത്ത കാലത്തായി ഇവിടെ നിന്ന് ഒരുപൊതി കഞ്ചാവുപോലും പിടികൂടാന്‍ പൊലീസിനോ എക്സൈസിനോ കഴിയാതെ വന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവര്‍ തമ്മിലെ വാക്കേറ്റത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഈ ഭാഗത്ത് കൊലപാതകം നടന്നത്. നാട്ടുകാര്‍ ആഗസ്റ്റ് രണ്ടിന് പൗരസമിതി രൂപവത്കരിച്ച് പ്രവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ്. അതേസമയം, പുതുവൈപ്പ് പടിഞ്ഞാറ് കാട് കയറിക്കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമി വെട്ടിത്തെളിച്ച് മാഫിയ സംഘത്തിന്‍െറ ഇടത്താവളങ്ങള്‍ നശിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന് നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.