മണപ്പുറം നടപ്പാലം വീണ്ടും വിവാദത്തില്‍

ആലുവ: മണപ്പുറത്തേക്ക് നഗരത്തില്‍നിന്ന് നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് നടപ്പാലം വീണ്ടും വിവാദത്തിലേക്ക്. നിര്‍മാണം ആരംഭിക്കും മുമ്പേ നിര്‍മിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്‍െറ അവകാശവാദത്തില്‍ എത്തിനില്‍ക്കുകയാണ്. പാലത്തിന്‍െറ നിയന്ത്രണാവകാശം ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. പൊതുഖജനാവിലെ തുക ഉപയോഗിച്ച് നിര്‍മിച്ച പാലം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ തുറന്നിടുമെന്നായിരുന്നു ജനപ്രതിനിധികളടക്കമുള്ളവര്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, പാലത്തിന്‍െറ നിയന്ത്രണം തങ്ങള്‍ക്ക് നല്‍കുമെന്ന് ജനപ്രതിനിധികളടക്കമുള്ളവര്‍ ഉറപ്പു നല്‍കിയിരുന്നതായാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. കൊട്ടാരക്കടവില്‍നിന്ന് മണപ്പുറത്തേക്ക് പാലം നിര്‍മിക്കുന്നത് പലതരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് നേരത്തേതന്നെ ആക്ഷേപങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ ചെലവില്‍ പണിയാനുദ്ദേശിക്കുന്ന കോണ്‍ക്രീറ്റ് പാലം നാട്ടുകാര്‍ക്ക് സഞ്ചരിക്കാന്‍ ഉപകാരപ്പെടണമെങ്കില്‍ ബാങ്ക് ജങ്ഷന്‍ കടത്തുകടവില്‍നിന്ന് തോട്ടക്കാട്ടുകര കടത്തുകടവിലേക്ക് മാറ്റി നിര്‍മിക്കേണ്ടതുണ്ടെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനായി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും അധികൃതര്‍ ഗൗനിച്ചില്ല. പാലം പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കുമെന്നാണ് ഇതിനായി നിലകൊണ്ട ജനപ്രതിനിധികളടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പാലം നിര്‍മാണത്തിന് കോടതി അനുമതി നല്‍കിയപ്പോള്‍ പാലത്തിന്‍െറ ഇരുവശത്തും സ്ഥാപിക്കുന്ന ഗേറ്റിന്‍െറ താക്കോല്‍ ദേവസ്വത്തിന് കൈമാറണമെന്ന് നിര്‍ദേശിച്ചിരുന്നതായി അജയ് തറയില്‍ പറയുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ അലംഭാവം കാട്ടുകയാണെന്നും മണപ്പുറത്തേക്കുള്ള ഭക്തര്‍ക്കായി നിര്‍മിച്ച പാലം ശിവരാത്രിക്കുശേഷം സാമൂഹികവിരുദ്ധര്‍ കൈയടക്കിയിരിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്‍െറ വാദം. ആരാധനക്കായി നടതുറക്കുന്ന സമയത്ത് മാത്രം പാലത്തിലൂടെയുള്ള സഞ്ചാരം മതിയെന്ന അഭിപ്രായമാണ് ദേവസ്വത്തിനുള്ളതെന്നും കര്‍ക്കടക വാവുബലി ഒരുക്കവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ അജയ് തറയില്‍ പറഞ്ഞിരുന്നു. നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് സ്ഥലം എം.എല്‍.എയും നഗരസഭാധ്യക്ഷനും മണപ്പുറം അഡ്മിനിസ്ട്രേഷന്‍ ഓഫിസിലത്തെി പാലത്തിന്‍െറ മുഴുവന്‍ നിയന്ത്രണവും ദേവസ്വം ബോര്‍ഡിനാണെന്ന് ഉറപ്പ് നല്‍കുകയും ഗേറ്റിന്‍െറ താക്കോല്‍ കൈമാറുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും ദേവസ്വം ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. 14 കോടി രൂപ ചെലവാക്കി നിര്‍മിച്ച പാലം പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെട്ടില്ളെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞതെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.