ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തിപ്പിക്കണം; ആശുപത്രിക്ക് മുന്നില്‍ സത്യഗ്രഹം

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി. എട്ടുമാസം മുമ്പാണ് മുന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ല. ഏഴ് ഡയാലിസിസ് യൂനിറ്റ് ഉപകരണങ്ങള്‍ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കാതായതോടെ തുരുമ്പെടുത്ത് തുടങ്ങി. പശ്ചിമകൊച്ചിയില്‍ നൂറുകണക്കിന് സാധാരണക്കാരായ രോഗികളാണ് സ്വകാര്യ ആശുപത്രികളെ ഡയാലിസിസിനായി ആശ്രയിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് ഉദ്ഘാടന ദിവസം അന്നത്തെ മേയര്‍ ടോണി ചമ്മണി വാഗ്ദാനം ചെയ്തത്. എന്നാല്‍, നാളിതുവരെ തുറന്ന് പ്രവര്‍ത്തിക്കാനാകാത്തത് ഏറെ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ആശുപത്രിക്ക് മുന്നില്‍ നടന്ന സത്യഗ്രഹ സമരം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എ. അംസാദ് അധ്യക്ഷത വഹിച്ചു. എം.ഡി. ആന്‍റണി, സക്കരിയ ഫെര്‍ണാണ്ടസ്, ഭാസ്കരന്‍, എം. മുഹമ്മദ് സലീം, കെ.എം. അബ്ദുല്ല, പി.കെ. ഷിഫാസ്, കെ.എ. അനൂബ്, എഡ്വിന്‍, കൃഷ്ണ ദത്ത്, കെ.എസ്. റെനീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.