പെരുമ്പാവൂര്‍: വെങ്ങോലയിലെ കുടുംബശ്രീ വിപണന കേന്ദ്രത്തിന് നിര്‍മിച്ച കെട്ടിടം സാമൂഹിക ദ്രോഹികളുടെ താവളമായി മാറുന്നു. പഞ്ചായത്തിലെ 13ാം വാര്‍ഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 15 വര്‍ഷം മുമ്പ് ബ്ളോക് പഞ്ചായത്തിന്‍െറ ഫണ്ടുപയോഗിച്ച് വാങ്ങിയ സ്ഥലത്ത് കുടുംബശ്രീ യൂനിറ്റുകള്‍ തയാറാക്കുന്ന ഉല്‍പന്നങ്ങളുടെ വില്‍പനക്കാണ് കെട്ടിടം നിര്‍മിച്ചത്. രാത്രിയില്‍ കെട്ടിടത്തില്‍ കഞ്ചാവ് വില്‍പനക്കാരും സാമൂഹികദ്രോഹികളും തമ്പടിക്കുകയാണ്. ഒരേക്കറില്‍ കൂടുതല്‍ വരുന്ന വിജനമായ സ്ഥലത്താണ് കെട്ടിടമുള്ളത്. കെട്ടിടത്തിനകത്ത് വൈക്കോലും വിറകും ശേഖരിച്ചുവെച്ചിട്ടുണ്ട്. പകല്‍ സമയത്ത് പരിസരവാസികള്‍ കന്നുകാലിത്തൊഴുത്തായും ഉപയോഗിക്കുന്നുണ്ട്. പുല്ലുപിടിച്ചുകിടക്കുന്ന സ്ഥലം വൈകുന്നേരങ്ങളില്‍ യുവാക്കള്‍ ഫുട്ബാള്‍- ഷട്ടില്‍ കോര്‍ട്ട് എന്നിവക്കായി ഉപയോഗിക്കുന്നു. സന്ധ്യ മയങ്ങിയാല്‍ കഞ്ചാവ് മാഫിയക്കാരും മദ്യവില്‍പനക്കാരും മോഷ്ടാക്കളും തമ്പടിക്കുന്നതായി പരിസരവാസികള്‍ പറയുന്നു. ഇരുട്ടിയാല്‍ സമീപവാസികള്‍ വഴിനടക്കാന്‍ പോലും ഭയക്കുകയാണ്. ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന സജീവമായതോടെ സ്കൂള്‍ കുട്ടികള്‍ ലഹരിക്കടിപ്പെടുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. പഞ്ചായത്ത് ഭരണാധികാരികളും പൊലീസ് അധികൃതരും തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. സാമൂഹികദ്രോഹികള്‍ക്ക് അഴിഞ്ഞാടാന്‍ ഇട്ടിരിക്കുന്നതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.