കോതമംഗലം: അശാസ്ത്രീയ ബസ് ബേ ആയിരക്കണക്കിന് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുമെന്ന് ആരോപിച്ച് ടൗണ്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സമരത്തിലേക്ക്. കോതമംഗലത്ത് ബസ് ബേ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷന്‍െറ പേരില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പുകല്‍പിക്കുന്നതിന് ആഗസ്റ്റ് 12ന് അദാലത്ത് നടക്കാനിരിക്കെയാണ് വ്യാപാരികള്‍ രംഗത്തുവന്നത്. കോതമംഗലം സ്വകാര്യബസ് സ്റ്റാന്‍ഡില്‍ വര്‍ഷങ്ങളായി പാര്‍ക്കിങ് സമയം ദീര്‍ഘദൂര ബസുകള്‍ക്ക് അഞ്ചുമിനിറ്റും ഹ്രസ്വദൂര ബസുകള്‍ക്ക് മൂന്നുമിനിറ്റുമാണ്. ഹൈറേഞ്ച്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, എറണാകുളം ഭാഗത്തേക്കുള്ള സ്വകാര്യബസുകള്‍ പ്രധാന സ്റ്റാന്‍ഡില്‍നിന്നാണ് പുറപ്പെടുന്നത്. പടിഞ്ഞാറുഭാഗത്തേക്ക് ബസുകള്‍ ഹൈറേഞ്ച് സ്റ്റാന്‍ഡില്‍നിന്നും കിഴക്കന്‍ മേഖലകളിലേക്ക് തങ്കളം അഡീഷനല്‍ സ്റ്റാന്‍ഡില്‍നിന്നും പുറപ്പെടുന്നതിന് സൗകര്യകരമായ വിധത്തില്‍ ബസ് ബേ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാസഞ്ചേഴ്സ് അസോസിയേഷന്‍ പരാതി സമര്‍പ്പിച്ചത്. ഈ ആവശ്യം നടപ്പായാല്‍ പ്രധാന സ്റ്റാന്‍ഡില്‍ ബസുകളുടെ പാര്‍ക്കിങ് സമയം ഒരു മിനിറ്റാകും. അതേസമയം, പ്രധാന സ്റ്റാന്‍ഡില്‍ ഒരു മിനിറ്റ് സമ്പ്രദായം നടപ്പായാല്‍ യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുമെന്നാണ് ടൗണ്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍െറ പരാതി. ഒരു മിനിറ്റിനുള്ളില്‍ പ്രധാന സ്റ്റാന്‍ഡില്‍ കയറിയിറങ്ങാന്‍ സമയമുണ്ടാകില്ളെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രധാന സര്‍ക്കാര്‍ ഓഫിസുകളും സര്‍ക്കാര്‍ ആശുപത്രിയും നഗരസഭാ ഓഫിസും പ്രധാന സ്റ്റാന്‍ഡിന് സമീപമായാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികള്‍ കൂടുതലും ആശ്രയിക്കുന്നതും പ്രധാന സ്റ്റാന്‍ഡിനെയാണ്. പ്രധാന ബസ് സ്റ്റാന്‍ഡിലെ വ്യാപാരസ്ഥാപനങ്ങളും ശോഷിക്കും. എട്ടുലക്ഷമാണ് പ്രധാന സ്റ്റാന്‍ഡിനോടനുബന്ധിച്ച വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് വാടകയിനത്തില്‍ നഗരസഭ പ്രതിമാസം ഈടാക്കുന്നതെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. സമയക്കുറവ് മൂലം സ്റ്റാന്‍ഡില്‍ കയറാതെ റോഡരികില്‍ നിര്‍ത്തിയിടാന്‍ നിര്‍ബന്ധിതരാകുമെന്നാണ് ബസുടമകള്‍ പറയുന്നത്. ഇത് വന്‍ ഗതാഗതക്കുരുക്കിന് വഴിയൊരുക്കം. സാധരണക്കാര്‍ക്കും വ്യാപാരികളെയും പരിഗണിക്കാത്ത പരിഷ്കാരം നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെ കടകളടച്ച് സമരത്തിന് തയാറെടുക്കുകയാണെന്ന് വ്യാപാരികളായ ഇ.എം. ജോണി, മാമ്മച്ചന്‍ ജോസഫ്, പി.എം. മക്കാര്‍, പ്രസാദ് പുലരി, പി.എം. പൗലോസ്, ദീപു ശാന്താറാം എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.