ഹൈദരലി വധം: കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമായിരുന്നു –സാജിത

പെരുമ്പാവൂര്‍: ഭര്‍ത്താവിനെ കൊന്നവര്‍ക്ക് കൊലക്കയറായിരുന്നു വേണ്ടിയിരുന്നതെന്ന് ഹൈദരലിയുടെ ഭാര്യ സാജിത. 2012 ആഗസ്റ്റ് 15ന് പെരുമ്പാവൂര്‍ പള്ളിക്കവല തച്ചിരുകുടി വീട്ടില്‍ ഹൈദരലി അതിക്രൂരമായി കൊലചെയ്യപ്പെടുമ്പോള്‍ ഒമ്പതാം ക്ളാസില്‍ പഠിക്കുകയായിരുന്ന മകന്‍ ത്വല്‍ഹത്ത് ഇപ്പോള്‍ പ്ളസ് ടു കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് ആലുവയിലെ ഐ.ടി.സിയില്‍ ചേര്‍ന്നത്. വിധി കേള്‍ക്കാന്‍ എറണാകുളം ജില്ലാ കോടതിയില്‍ എത്തിയത് ഹൈദരലിയുടെ ജ്യേഷ്ഠനും സാജിതയുടെ പിതാവുമാണ്. ചെറിയതോതില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് റമദാനിലെ 26ാം ദിവസം തന്‍െറ കാറുമായി ഹൈദര്‍ ഓട്ടം പോകാന്‍ തയാറായത്. ഇടുക്കി പോതമേട് ഭാഗത്തേക്ക് ഉച്ചക്ക് രണ്ടുമണിയോടെയാണ് മണി ശെല്‍വന്‍ എന്ന പോതമേട് സ്വദേശി ഓട്ടം വിളിച്ചത്. പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഓഫിസിന് മുന്നിലെ സ്റ്റാന്‍ഡില്‍നിന്നാണ് ഹൈദര്‍ പോയത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍നിന്നാണ് മണിയുടെ മൂന്ന് സുഹൃത്തുക്കള്‍ കാറില്‍ കയറിയത്. തമിഴ്നാട് സ്വദേശികളായ ഈറോഡ് പെരിയോര്‍ നഗര്‍ കോളത്തുപ്പുള്ളൈ ശിവ, വളയൂര്‍ അമ്മന്‍കോവില്‍ സെബാസ്റ്റ്യന്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് വാഹനത്തില്‍ കയറിയത്. ഇടുക്കിയിലേക്ക് പോകണമെന്നുപറഞ്ഞ് ഓട്ടം വിളിച്ച പ്രതികള്‍ യാത്രക്കിടെ വണ്ടി നിര്‍ത്തി ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. ഹൈദരലി ഡിക്കി തുറക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ചുറ്റികകൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. തുടര്‍ന്ന് മറ്റു പ്രതികള്‍ കമ്പിവടിക്ക് അടിച്ച് മാരകമായി പരിക്കേല്‍പിച്ചശേഷം കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പുവരുത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോളില്‍ കുതിര്‍ത്ത ടവ്വല്‍ ഉപയോഗിച്ച് മൃതദേഹത്തില്‍ തീ കൊളുത്തി തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമാക്കിയിരുന്നു. ആഗസ്റ്റ് 16ന് രാവിലെ 6.30ഓടെയാണ് രായമംഗലം വായ്ക്കരചിറങ്ങര-പഞ്ചായത്ത് ഓഫിസ് റോഡില്‍ ഹൈദരലിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞനിലയില്‍ കണ്ടത്. അതിനുശേഷം പ്രതികളിലൊരാളായ മണി കാറുമായി പൂപ്പാറയിലേക്കും മറ്റുള്ളവര്‍ പെരുമ്പാവൂരിലേക്കും മടങ്ങി. കുറുപ്പംപടി വായ്ക്കരയില്‍ വാടകക്ക് താമസിച്ചിരുന്ന ഒരാളാണ് കാര്‍ ഓട്ടം വിളിക്കാനത്തെിയതെന്ന ഹൈദരാലിയുടെ സഹപ്രവര്‍ത്തകരുടെ മൊഴിയാണ് പൊലീസിനെ പ്രതികളിലേക്കത്തെിച്ചേരാന്‍ സഹായിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.