പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വ്യാജ രേഖകള്‍ വാങ്ങി സിം കാര്‍ഡ് വില്‍പന നടത്തുന്നത് വ്യാപകമാകുന്നു. ഇതര സംസ്ഥാനക്കാര്‍ നടത്തുന്ന മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ സിംകാര്‍ഡ് വില്‍പന നടക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നഗോണ്‍ സ്വദേശിയായ നജ്മുല്‍ ഹക്കിനെയാണ് ഷാഡോ പൊലീസ് സംഘം പിടികൂടിയത്. വാടകക്ക് മുറിയെടുത്ത് മൊബൈല്‍ ഷോപ്പ് നടത്തുന്ന ഇയാള്‍ ഫോട്ടോഷോപ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിലെയും മറ്റ് തിരിച്ചറിയല്‍ രേഖകളിലെയും ഫോട്ടോയും പേരും വയസ്സും നീക്കി ആവശ്യക്കാരുടെ ഫോട്ടോ പതിച്ച് വ്യാജ രേഖ നിര്‍മിക്കുകയായിരുന്നു. ഇങ്ങനെ തയാറാക്കിയ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. മൊബൈല്‍ കമ്പനികള്‍ സൗജന്യമായി നല്‍കുന്ന കണക്ഷനുകള്‍ 500, 1000 രൂപവരെ ഈടാക്കിയാണ് കച്ചവടം നടത്തുന്നത്. പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ചില മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചാണ് വില്‍പന വ്യാപകമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ തുക നല്‍കി വ്യാജരേഖകളില്‍ സിം കാര്‍ഡുകള്‍ വാങ്ങുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. കടയില്‍ ഫോട്ടോഷോപ്പ് കൈകാര്യം ചെയ്യുന്നതില്‍ പ്രാഗല്ഭ്യമുള്ളവരാണ് വ്യാജ രേഖകള്‍ നിര്‍മിക്കുന്നത്. സിം കാര്‍ഡ് വാങ്ങാനത്തെുന്നവര്‍ക്ക് വ്യാജവിലാസത്തില്‍ രേഖ നിര്‍മിച്ചുനല്‍കുന്നതും കടയുടമയാണ്. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് കാര്‍ഡ് നല്‍കുന്നത്. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച പെരുമ്പാവൂരില്‍ പലപ്പോഴും ഇതില്‍ ഏര്‍പ്പെടുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ആക്രമണങ്ങള്‍ നടത്തി ഇവിടെനിന്ന് പോകുന്ന ഇവര്‍ മൊബൈല്‍ ഉപേക്ഷിക്കുകയാണ് പതിവ്. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് ഇവരെ പിടികൂടാനുള്ള ശ്രമം നടക്കാറില്ല. ജിഷ വധക്കേസിലെ പ്രതി വ്യാജ സിം കാര്‍ഡാണ് ഉപയോഗിച്ചതെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കണക്ഷന്‍ നല്‍കിയ കടകള്‍ കണ്ടത്തൊന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു. ലക്ഷക്കണക്കിന് മൊബൈല്‍ നമ്പറുകളാണ് കേസില്‍ പരിശോധനക്ക് വിധേയമാക്കിയത്. അന്ന് മൊബൈല്‍ കടയുടമകള്‍ക്ക് ബോധവത്കരണം നല്‍കിയിരുന്നു. ഇതിനുശേഷവും വ്യജ സിം കാര്‍ഡ് വില്‍പന തുടരുന്നത് സംബന്ധിച്ച് റൂറല്‍ എസ്.പിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.