ട്രെയിലര്‍ പണിമുടക്ക് : കണ്ടെയ്നര്‍ നീക്കം നിലച്ചു

മട്ടാഞ്ചേരി: വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്‍റ് ടെര്‍മിനലിലെ കണ്ടെയ്നര്‍ നീക്കം സ്തംഭനത്തിലേക്ക്. പാര്‍ക്കിങ് സൗകര്യമൊരുക്കാത്ത കൊച്ചി തുറമുഖ ട്രസ്റ്റിന്‍െറ അനാസ്ഥയെ തുടര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രിമുതല്‍ ട്രെയിലര്‍ സര്‍വിസ് നിര്‍ത്തിവെച്ചതോടെയാണ് ചരക്കുനീക്കം സ്തംഭിച്ചത്. വല്ലാര്‍പാടം ടെര്‍മിനലില്‍ സര്‍വിസ് നടത്തുന്ന രണ്ടായിരത്തോളം ട്രെയിലറുകളുടെ നീക്കമാണ് നിലച്ചത്. ടെര്‍മിനലില്‍ കണ്ടെയ്നറുമായി എത്തുന്ന ആയിരത്തോളം ട്രെയിലറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കുക, പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന പിഴ ഒഴിവാക്കാന്‍ ഭരണകൂടം തയാറാവുക, കൊച്ചി തുറമുഖ ട്രസ്റ്റ് നിരുത്തരവാദ സമീപനം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ട്രെയിലര്‍ ഉടമകള്‍ സര്‍വിസ് നിര്‍ത്തിവെച്ചത്. ട്രെയിലര്‍ തൊഴിലാളികള്‍ക്ക് വിശ്രമത്തിനും പ്രാഥമിക സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് ഇതിനകം ഓട്ടേറെ തവണ തൊഴിലാളിസംഘടനകളും സമരങ്ങള്‍ നടത്തിയിരുന്നു. ഓരോ ഘട്ടത്തിലും തുറമുഖ ട്രസ്റ്റും ദുബൈ പോര്‍ട്സും സംസ്ഥാന ഭരണ കൂടവും ജില്ലാ ഭരണസമിതികളും താല്‍ക്കാലിക പ്രശ്നപരിഹാരത്തിനാണ് ശ്രമം നടത്തിയത്. ടെര്‍മിനലിലേക്ക് കണ്ടെയ്നറുമായത്തെുന്ന ട്രെയിലറുകള്‍ക്ക് മതിയായ സൗകര്യമൊരുക്കേണ്ട തുറമുഖ ട്രസ്റ്റ് കാളമുക്കിലും എല്‍.എന്‍.ജി മേഖലയിലും റോഡ് വശങ്ങളില്‍ പാര്‍ക്കിങ്ങിന് നിര്‍ദേശിക്കുമ്പോള്‍ ഈ മേഖലയിലെ ജനകീയ പ്രതിഷേധത്തിന് സമന്വയമുണ്ടാക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നുമില്ല. ട്രെയിലര്‍ സമരത്തെ തുടര്‍ന്ന് ആയിരത്തിലേറെ കണ്ടെയ്നറുകളാണ് തുറമുഖത്ത് കെട്ടിക്കിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.