കായംകുളം താലൂക്ക് ആശുപത്രിയിലെ അനധികൃത നിര്‍മാണം; പ്രതിഷേധം ശക്തം

കായംകുളം: താലൂക്ക് ആശുപത്രിയിലെ അനധികൃത നിര്‍മാണ വിഷയം വിവാദമായതോടെ നഗരസഭയില്‍ ഭരണപക്ഷം വെട്ടിലായി. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത നഗരസഭാ കൗണ്‍സിലും കൂടാനായില്ല. താലൂക്ക് ആശുപത്രി കോഫിഷോപ്പിന് അനുമതി നല്‍കിയ തീരുമാനമാണ് നഗരസഭാ ചെയര്‍മാനെ വെട്ടിലാക്കിയത്. ഇക്കാര്യത്തില്‍ സി.പി.ഐയും നിലപാട് വ്യക്തമാക്കിയതോടെ സി.പി.എം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആശുപത്രി മാനേജിങ് കമ്മിറ്റി യോഗ തീരുമാനത്തില്‍ കൃത്രിമം നടത്തിയാണ് സ്വകാര്യ കമ്പനിക്ക് കോഫി ഷോപ്പിന് അനുമതി നല്‍കിയതെന്നാണ് പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും ആരോപിക്കുന്നത്. വിഷയം അജണ്ടയാക്കി അടിയന്തര കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുകൂട്ടരും ചെയര്‍മാന് കത്തും നല്‍കിയിരുന്നു. ഇത് അവഗണിച്ച് ജനറല്‍ കൗണ്‍സില്‍ വിളിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ പിരിച്ചുവിട്ടതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തിലും ബി.ജെ.പിക്കാര്‍ ഗാന്ധിപ്രതിമക്ക് മുന്നിലും പ്രതിഷേധം ഉയര്‍ത്തി. പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടതോടെ വിഷയത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് അടിയന്തര കൗണ്‍സില്‍ വിളിക്കാന്‍ ചെയര്‍മാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഇതിന്‍െറ നോട്ടീസ് പുറത്തിറക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. അതേസമയം ആശുപത്രി വളപ്പിലെ കോഫിഷോപ് അനധികൃതമായിരുന്നുവെന്ന് സമ്മതിക്കുന്ന തരത്തിലാണ് അടിയന്തര കൗണ്‍സിലിന്‍െറ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ഭരണനേതൃത്വം തന്നെ സമ്മതിച്ചിരിക്കുകയാണ്. അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ കൂടി പങ്കെടുത്ത ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തില്‍ കോഫി ഷോപ്പിന് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ളെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. യു. മുഹമ്മദ് പറഞ്ഞു. ആശുപത്രി വളപ്പില്‍ കോഫി മെഷീന്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം വന്നിരുന്നു. എന്നാല്‍, അജണ്ടയില്‍ ഇല്ലാത്തതിനാല്‍ ചര്‍ച്ചയും തീരുമാനവും ഉണ്ടായില്ല. എന്നാല്‍, പിന്നീട് മിനിറ്റ്സ് തിരുത്തി അനുമതി നല്‍കിയതായി എഴുതിചേര്‍ത്തതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. ആശുപത്രി സ്ഥലം സ്വകാര്യ കമ്പനിക്ക് കൈവശപ്പെടുത്താന്‍ അവസരമൊരുക്കിയ വിഷയത്തില്‍ സി.പി.എം നേതൃത്വം മൗനം പാലിക്കുന്നത് ദുരൂഹമാണ്. ഭരണനേതൃത്വവും ആശുപത്രി അധികൃതരും ചേര്‍ന്ന് നടത്തിയ അഴിമതിക്കെതിരെ കൗണ്‍സിലിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്തും. നഗരസഭാ കവാടത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ധര്‍ണക്ക് കക്ഷിനേതാക്കളായ എ. ഇര്‍ഷാദ്, എ. ഹസന്‍കോയ, ഗായത്രി തമ്പാന്‍, എം.എ.കെ. ആസാദ്, കരുവില്‍ നിസാര്‍, മിലന്‍ എസ്. വര്‍ഗീസ്, നവാസ് മുണ്ടകത്തില്‍, പി. ഷാനവാസ്, കടയില്‍ രാജന്‍, കെ.പി. കൃഷ്ണകുമാരി, ഭാമിനി സൗരഭന്‍, ഷീജാ നാസര്‍, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി.ബി.ജെ.പിയുടെ സംഘടിപ്പിച്ച പ്രതിഷേധത്തിന് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഡി. അശ്വിനിദേവ്, പാലമുറ്റത്ത് വിജയകുമാര്‍, രാജേഷ് കമ്മത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.