കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ എട്ടോളം സ്വാശ്രയ സ്ഥാപനങ്ങള്‍ കെട്ടിട നികുതിയിനത്തില്‍ അടക്കാനുള്ള കുടിശ്ശിക അരക്കോടി രൂപയിലേക്ക് എത്തിയിട്ടും തുക പിരിച്ചെടുക്കാന്‍ അധികൃതര്‍ മടിക്കുന്നതിനായി ആക്ഷേപം. 2010 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ 4429735 രൂപയാണ് നികുതി കുടിശ്ശികയായി സ്വാശ്രയ സ്ഥാപനങ്ങള്‍ അടക്കാനുള്ളത്. സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ച് നികുതി അടക്കുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നികുതിയുടെ 25 ശതമാനം തുക അടക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. 2010 മുതല്‍ നികുതി അടക്കാതിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 2013ലാണ് പഞ്ചാത്ത് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കുന്നത്. ഇതോടെയാണ് സ്ഥാപനങ്ങള്‍ ഒറ്റക്കെട്ടായി ഹൈകോടതിയെ സമിപിച്ചത്. കേസ് തീര്‍പ്പാക്കുന്നതുവരെ ഓരോ വര്‍ഷവും 25 ശതമാനം നികുതി അടക്കാനും നിര്‍ദേശിക്കുകയായിരുന്നു.കേസ് നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച് നികുതി പൂര്‍ണമായും പിരിച്ചെടുക്കുന്നതിന് വേണ്ട തീരുമാനം കൈക്കൊള്ളാന്‍ അധികൃതര്‍ മടിക്കുകയാണ്. ഇതിനിടയില്‍ കേസ് പിന്‍വലിക്കാന്‍ തയാറായി സ്വാശ്രയ മാനേജുമെന്‍റുകളില്‍ ചിലത് പഞ്ചായത്തിനെ അറിയിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി നികുതി കുടിശ്ശിക പൂര്‍ണമായും പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുപുറമെ സ്വാശ്രയ സ്ഥാപനങ്ങള്‍ വിവിധ വകുപ്പുകളെ തെറ്റിദ്ധരിപ്പിച്ച് ഒരേ കെട്ടിടത്തില്‍തന്നെ വിവിധ സ്ഥാപനങ്ങള്‍ നടത്തുന്നതായും വിവരാവകാശ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. നികുതി കുടിശ്ശികയുടെയും സ്ഥാപനങ്ങളുടെയും യഥാര്‍ഥ ചിത്രം പുറത്തുകൊണ്ടുവരുന്നതിന് സ്പെഷല്‍ ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം വൈസ് പ്രസിഡന്‍റ് അലി പടിഞ്ഞാറെ ചാലില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.