ശതാബ്ദി ആഘോഷിക്കുന്ന മാങ്കായില്‍ സ്കൂളിനെ ആയിരം വര്‍ണങ്ങളിലാക്കി കുരുന്നുകള്‍

മരട്: ശതാബ്ദി ആഘോഷിക്കുന്ന മരട് ഗവ. മാങ്കായില്‍ ഹൈസ്കൂള്‍ കുരുന്നുകളുടെ ഭാവനകളില്‍ ആയിരം വര്‍ണങ്ങളായി വിരിഞ്ഞു. തൃപ്പൂണിത്തുറ ചിത്രാലയ സ്കൂള്‍ ഓഫ് ആര്‍ട്ട്സിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയായ ചിത്രാലയ ക്രിയേഷന്‍സ്, മരട് നഗരസഭ, മാങ്കായില്‍ ഗവ. ഹൈസ്കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഏകദിന ചിത്രരചനാ ശില്‍പശാലയാണ് കുട്ടികളുടെ വ്യത്യസ്ത ഭാവനകളാല്‍ സമ്പുഷ്ടമായത്. ബുദ്ധി വികാസം, പഠനമികവ്, സര്‍ഗാത്മകത, സാമൂഹിക പ്രതിബദ്ധത എന്നിവ ലക്ഷ്യമിട്ടുള്ള ക്രിയേഷന്‍െറ പ്രവര്‍ത്തനങ്ങളില്‍ ചിത്രകലയെ ഗൗരവമായി സമീപിച്ച ഇരുന്നൂറ് കുട്ടികളാണ് പങ്കെടുത്തത്. മരട് മാങ്കായില്‍ സ്കൂളിലായിരുന്നു ക്യാമ്പ്. കുട്ടികളെ സ്കൂള്‍ മൈതാനത്തേക്ക് സ്വതന്ത്രമായി വിട്ടു. കാണുന്നതെന്തും വരക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയതോടെ കുട്ടികളും ആവേശത്തിലായി. സ്കൂള്‍ അങ്കണത്തിലെ വമ്പന്‍ മുത്തശ്ശി മരങ്ങള്‍ മുതല്‍ പുല്‍ക്കൊടിത്തുമ്പിലെ ചെറു പുഷ്പം വരെ കാന്‍വാസില്‍ നിറഞ്ഞു. കാര്‍ട്ടൂണ്‍ അക്കാദമി അംഗവും എറണാകുളം ഇന്‍കം ടാക്സ് അസിസ്റ്റന്‍റ് കമീഷണറുമായ സഞ്ജീവ് സുബ്രഹ്മണ്യന്‍ ക്യാമ്പിലെ അന്‍പതില്‍പരം കുട്ടികളുടെ കാരിക്കേച്ചര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വരച്ചു കുട്ടികളില്‍ അദ്ഭുതമായി. ക്യാമ്പ് മരട് നഗരസഭാധ്യക്ഷ ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.എ. ദേവസി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷ ജമീല മുഹമ്മദ്, കൗണ്‍സിലര്‍മാരായ ബേബി പോള്‍, എം.വി. ഉല്ലാസ്, മാങ്കായില്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.എക്സ്. ആന്‍സലാം, പി.ടി.എ പ്രസിഡന്‍റ് കെ.ബി. മധുസൂദനന്‍, ചിത്രലയ ക്രിയേഷന്‍സിലെ കെ.സി. ചക്രപാണി, ശരത്ചന്ദ്രന്‍, സജിത് ധനപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.