കൊച്ചി: എം.ജി റോഡില്‍ സൗന്ദര്യവത്കരണത്തിന്‍െറ മറവില്‍ റോഡിലേക്കുള്ള പ്രവേശം അടച്ചുകെട്ടി നടപ്പാക്കുന്നത് തുഗ്ളക് പരിഷ്കാരമെന്ന് സെമിനാര്‍. മാധവ ഫാര്‍മസി ജങ്ഷന്‍ മുതല്‍ കെ.പി.സി.സി ജങ്ഷന്‍ വരെ മെട്രോ തൂണുകള്‍ക്ക് അടിയില്‍ ലക്ഷ്യമിടുന്ന സൗന്ദര്യവത്കരണം പദ്ധതി ഫലത്തില്‍ ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തെയാണ് തടയുന്നതെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നു വര്‍ഷമായി നടക്കുന്ന മെട്രോ നിര്‍മാണം മൂലം ബിസിനസ് നടക്കാതെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടി. നിലവിലുള്ളതുതന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഒരു വര്‍ഷത്തിനകം റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ച് വ്യാപാര പ്രതിസന്ധി പരിഹരിക്കുമെന്നായിരുന്നു കെ.എം.ആര്‍.എല്‍ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍, മെട്രോ നിര്‍മാണം തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും എം.ജി റോഡില്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ഗതാഗത, വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. മെട്രോ നിര്‍മാണത്തിനിടെ റോഡിലെ നടപ്പാതകളും നിലവിലുണ്ടായിരുന്ന ഡ്രൈനേജുകളും പൂര്‍ണമായി തകരുകയും ചെയ്തു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ജനങ്ങള്‍ എം.ജി റോഡിനെ പൂര്‍ണമായും കൈയൊഴിഞ്ഞ അവസ്ഥയാണ്. ഇതോടെയാണ്, നഗരത്തില്‍ ഏറ്റവും പ്രധാന കച്ചവടകേന്ദ്രമായ എം.ജി റോഡിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായത്. നിരവധി വ്യാപാരികള്‍ അടച്ചുപൂട്ടി. റോഡ് അടച്ചുകെട്ടി ചിറ്റൂര്‍ റോഡിലേക്ക് ഗതാഗതം തിരിച്ചുവിടാനാണ് അധികൃതര്‍ ആലോചിക്കുന്നത്. എം.ജി റോഡില്‍ വ്യാപാരസ്ഥാപനങ്ങളും കാല്‍നടയും കടുത്ത പ്രതിസന്ധിയിലായിരിക്കെയാണ് നഗരസൗന്ദര്യവല്‍കരണത്തിന്‍െറ മറവില്‍ റോഡ് അടച്ചുകെട്ടാന്‍ കെ.എം.ആര്‍.എല്‍ നടപടി സ്വീകരിച്ചതാണ് വ്യാപാരികളുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരിക്കുന്നത്. റോഡിന്‍െറ മധ്യഭാഗം അടച്ചുകെട്ടിയുള്ള പരിഷ്കാരം കെ.എം.ആര്‍.എല്‍ പുന$പരിശോധിക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്‍റ് വാച്ച് എറണാകുളം പബ്ളിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം.ജി റോഡിന് ഇരുവശത്തുമുള്ള കച്ചവടക്കാരുടെ അഭിപ്രായം കൂടി കണക്കിലെടുത്തുവേണം പരിഷ്കാരം നടപ്പാക്കേണ്ടതെന്ന് ജസ്റ്റിസ് ഷംസുദ്ദീന്‍ പറഞ്ഞു. ഏകപക്ഷീയ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും അത്തരം നടപടികള്‍ അധികൃതര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെമിനാറില്‍ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്‍റ് വാച്ച് പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.എ. ആന്‍റണി, കുരുവിള മാത്യൂസ്, എ.ആര്‍.എസ്. വാദ്യാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.