എന്‍.എച്ച് ഭൂമി കൈയേറി; പറവൂര്‍ കവലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

ആലുവ: ദേശീയപാതയില്‍ ആലുവ മേഖലയിലെ പ്രധാന കവലകളിലൊന്നായ പറവൂര്‍ കവലയില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ പെരുകിയെങ്കിലും റോഡില്‍ ആവശ്യത്തിന് വികസനം വരുത്താത്തതാണ് പ്രശ്നമുണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയപാത ആലുവ മുതല്‍ അങ്കമാലി വരെ നാലുവരിയാക്കിയെങ്കിലും തോട്ടക്കാട്ടുകരക്കും പറവൂര്‍ കവലക്കും ഇടയില്‍ വീതി കൂട്ടിയിരുന്നില്ല. സ്ഥലമേറ്റെടുക്കല്‍ എതിര്‍ത്തതോടെ ചെറുതായി വീതി കൂട്ടി മീഡിയന്‍ സ്ഥാപിച്ച് നാലുവരിയാക്കുകയായിരുന്നു. പിന്നീട് സ്ഥലമേറ്റെടുത്തെങ്കിലും റോഡ് നിര്‍മിച്ചില്ല. നാലുവരിയായി വികസിപ്പിച്ചപ്പോള്‍ കുപ്പിക്കഴുത്തായി ആലുവ തോട്ടക്കാട്ടുകര, പറവൂര്‍ കവല ഭാഗം. മാര്‍ത്താണ്ഡവര്‍മ പാലത്തിലെ അസൗകര്യങ്ങളും റോഡിന്‍െറ വീതിക്കുറവും മൂലം ദേശീയപാതയില്‍ സമീപറോഡുകളിലും ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ദേശീയപാത രണ്ടു വരിയായിരുന്ന കാലത്ത് പറവൂര്‍ കവലക്കും തോട്ടക്കാട്ടുകരക്കും ഇടയില്‍ വളവുകളോട് കൂടിയ വീതി കുറഞ്ഞ റോഡാണ് ഉണ്ടായിരുന്നത്. ഇതിനിടയില്‍ ദേശീയപാത ആലുവക്കും അങ്കമാലിക്കും ഇടയില്‍ നാലുവരിയാക്കി മാറ്റിയപ്പോള്‍ ഈ ഭാഗത്ത് വേണ്ടത്ര വികസനം നടത്തിയില്ല. മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമാന്തര പാലം കൂടിയായപ്പോള്‍ ഈ ഭാഗം വളരെ ഇടുങ്ങി. റോഡിന്‍െറ വികസനത്തിന് സ്ഥലമേറ്റെടുത്തിട്ട് 10 വര്‍ഷത്തിലധികമായെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് ഒഴിപ്പിച്ചിടുക മാത്രമാണുണ്ടായത്. ഇത്തരം ഭാഗങ്ങള്‍ കാടുകയറിയും മാലിന്യങ്ങള്‍ നിറഞ്ഞും കിടക്കുകയാണ്. ഇത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നുണ്ട്. ഗതാഗതക്കുരുക്ക് അതിരൂക്ഷമായതോടെ പ്രശ്ന പരിഹാരത്തിനായി ഏതാനും വര്‍ഷം മുമ്പ് നഗരസഭ രംഗത്തിറങ്ങിയിരുന്നു. ഇതിന്‍െറ ഫലമായി തോട്ടക്കാട്ടുകര ഭാഗത്ത് കിഴക്കുവശത്ത് സര്‍വിസ് റോഡ് നിര്‍മിച്ചിരുന്നു. എന്നാല്‍, റോഡ് അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് സര്‍വിസ് റോഡ് അടച്ചതെന്നാണ് ട്രാഫിക് പൊലീസിന്‍െറ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.