ഗാന്ധി ജീവിതത്തിന്‍െറ ഉള്‍ക്കാഴ്ചകളുമായി ആശിഷ് നന്ദിയും വിനയ്ലാലും

കൊച്ചി: ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് പുതിയ ദിശാബോധം നല്‍കിയ ചര്‍ച്ചകളുമായി പ്രഫ. വിനയ്ലാലും ആശിഷ് നന്ദിയും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലെറ്റ്സ് ടോക്ക് പരിപാടിയിലായിരുന്നു ഇരുവരും. മരണത്തിന് ഏഴുപതിറ്റാണ്ടിനു ശേഷവും മോഹന്‍ദാസ് ഗാന്ധിയെന്ന വ്യക്തിത്വം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബിംബമായി നിലനില്‍ക്കുകയാണെന്ന് വിനയ് ലാല്‍ ചൂണ്ടിക്കാട്ടി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ദലിത്-സാമൂഹിക-മത സംഘടനകള്‍ എന്നിവ അവരുടെ ദര്‍ശനങ്ങള്‍ ഗാന്ധിസവുമായി ഇടകലര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് വിനയ് ലാല്‍ ചൂണ്ടിക്കാട്ടി. നളന്ദയിലെ ബുദ്ധസാദൃശ്യമുള്ള ഗാന്ധി പ്രതിമയാണ് അദ്ദേഹം അതിന്‍െറ ഉദാഹരണമായി എടുത്തുകാട്ടിയത്. ഇന്ത്യന്‍ ജനതയെ ആഴത്തില്‍ സ്വാധീനിച്ച വ്യക്തിത്വങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക് ചെയ്യുന്ന പ്രവണത തുടര്‍ന്നു വരുകയാണെന്ന് ആശിഷ് നന്ദി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനതയെ ഏറ്റവും ആഴത്തില്‍ സ്വാധീനിച്ച വ്യക്തിത്വമാണ് ഗാന്ധിജി. അദ്ദേഹത്തിന്‍െറ പൈതൃകം വിവിധ തലങ്ങളില്‍ നേടിയെടുക്കാന്‍ രാഷ്ട്രീയ സമൂഹം ശ്രമിച്ചിട്ടുണ്ടെന്നും ആശിഷ് നന്ദി പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ റിയാസ് കോമു പരിപാടിയില്‍ പങ്കെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷനും പണ്ഡിത കൂട്ടായ്മയായ ബാക്വാട്ടേഴ്സ കലക്ടീവ് ഓണ്‍ മെറ്റാ ഫിസിക്സ് ആന്‍ഡ് പൊളിറ്റിക്സ്, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട് എന്നിവയും സംയുക്തമായാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. ബാക്വാട്ടേഴ്സ കലക്ടീവ് സമ്മേളനം വെള്ളിയാഴ്ച മുതല്‍ കൊച്ചിയിലെ മെറിഡിയനില്‍ നടക്കും. ജസ്റ്റിസുമാരായ അലക്സാണ്ടര്‍ തോമസ്, കെ. സുകുമാരന്‍, മുന്‍ റോ മേധാവി ഹോര്‍മിസ് തരകന്‍ എന്നിവരും സദസ്സില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.