പെരുമഴയില്‍ മുങ്ങി കൊച്ചി

കൊച്ചി: നാലുമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്തതോടെ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ തുടങ്ങിയ മഴ വൈകീട്ട് 6.30 വരെ ഇഴമുറിയാതെ പെയ്തതോടെ കൊച്ചിയുടെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും പ്രധാന റോഡുകളിലടക്കം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയും നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴപെയ്തിരുന്നു. ഏറെ തിരക്കുള്ള എം.ജി റോഡിലായിരുന്നു ഏറെ ദുരിതം. മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ തകര്‍ന്ന റോഡില്‍ വെള്ളം നിറഞ്ഞതോടെ വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും വ്യാപാരികളും ഏറെ ദുരിതത്തിലായി. സൗത് റെയില്‍വേ സ്റ്റേഷന്‍ മഴയത്ത് ചോര്‍ന്നൊലിച്ചത് ട്രെയിന്‍ യാത്രക്കാരെയും വലച്ചു. സൗത് സ്റ്റേഷന്‍െറ പ്രവേശ കവാടമാണ് മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്നത്. പുറമെ, സൗത്, നോര്‍ത് റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് പുറത്തേക്കുള്ള റോഡുകളും വെള്ളത്തില്‍ മുങ്ങിയതോടെ മണിക്കൂറുകളാണ് വാഹനങ്ങള്‍ കുടുങ്ങിയത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ വീടുകളില്‍ വെള്ളംകയറി. ബക്കറ്റുകളും പാത്രങ്ങളുമുപയോഗിച്ച് ഏറെ നേരത്തേ ശ്രമഫലമായാണ് വീട്ടകങ്ങളിലെ വെള്ളക്കെട്ട് നീക്കിയത്. ഇവിടങ്ങളിലെ തകര്‍ന്ന റോഡുകളിലൂടെയുള്ള യാത്രയും ഏറെ അപകടം നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമായി. പതിവുപോലെ റോഡേത്, ബസ് സ്റ്റാന്‍ഡേത് എന്ന് മനസ്സിലാകാത്ത അവസ്ഥയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്. സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അരക്കൊപ്പം വെള്ളം നിറഞ്ഞതിനാല്‍ ജീവനക്കാരെല്ലാം പുറത്തിറങ്ങി. സ്റ്റാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളും ഗതികെട്ടു. പെരുമഴയത്തായിരുന്നു ബസിന് കാത്തുനില്‍ക്കുന്ന യാത്രക്കാരുടെ നില്‍പ്. നോര്‍ത്ത്, സൗത്, ബ്രോഡ്വേ, ഹൈകോടതി പരിസരം, പുല്ളേപ്പടി റോഡുകളും നിറഞ്ഞു കവിഞ്ഞു. പത്മ ജങ്ഷന്‍ -ജ്യു സ്ട്രീറ്റ് റോഡില്‍ നിരവധി കടകളില്‍ വെള്ളം കയറി. വെള്ളക്കെട്ടിനൊപ്പം നഗരത്തിലെ പലഭാഗത്തെയും വാഹനക്കുരുക്കും രൂക്ഷമായി. ചിലയിടങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍ പണിമുടക്കിയത് കൂനിന്മേല്‍ കുരുവായി. ഇടപ്പള്ളി ജങ്ഷന്‍, ഇടപ്പള്ളി ഹൈസ്കൂള്‍ ജങ്ഷന്‍, പാലാരിവട്ടം, കലൂര്‍ എന്നിവിടങ്ങളിലെയുമെല്ലാം ഗതാഗതം പൂര്‍ണമായി താറുമാറായി. പലയിടത്തും കാഴ്ചക്കാരായി നില്‍ക്കാനേ ഹോംഗാര്‍ഡുമാര്‍ക്ക് സാധിച്ചുള്ളൂ. മാര്‍ക്കറ്റും വെള്ളക്കെട്ടില്‍ മുങ്ങി. മാലിന്യ ഓടകളിലെ വെള്ളം റോഡിലേക്ക് കയറിയതാണ് ഏറെ ദുരിതമായത്. പലയിടത്തും കക്കൂസില്‍നിന്നും ഹോട്ടലുകളില്‍നിന്നുമുള്ള മലിനജലമാണ് മഴവെള്ളത്തോടൊപ്പം റോഡിലേക്കു കയറിയത്. ഇത് ദുര്‍ഗന്ധത്തിനും കാരണമായി. വരും ദിവസങ്ങളില്‍ ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. മട്ടാഞ്ചേരി: കനത്ത മഴയത്തെുടര്‍ന്ന് പശ്ചിമകൊച്ചി വെള്ളക്കെട്ടിലായി. മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി ഭാഗത്തെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞതോടെ ജനജീവിതവും ദുസ്സഹമായി. മട്ടാഞ്ചേരിയിലെ ചെറളായി, ചെറളായിക്കടവ്, ഈരവേലി, കായീസ് ജങ്ഷന്‍, പാലസ് റോഡ്, കൂവപ്പാടം, ടൗണ്‍ഹാള്‍ റോഡ് ഫോര്‍ട്ട്കൊച്ചിയിലെ ഞാലിപ്പറമ്പ്, കുന്നുംപുറം, വെളി തുടങ്ങിയ ഭാഗങ്ങളിലും തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളും വെള്ളക്കെട്ടിലായി. പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.