ബിനാലെ നടത്തിപ്പിന് ഏഴുകോടി: ചേരികളെ മറന്ന ആര്‍ഭാടമെന്ന്; പ്രതിഷേധം ശക്തമാകുന്നു

മട്ടാഞ്ചേരി: ഭവനരഹിതരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും തിങ്ങിപ്പാര്‍ക്കുന്ന മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖലയില്‍ കൊച്ചി മുസ്രിസ് ബിനാലെ നടത്തിപ്പിന് ഏഴുകോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ഉയരുന്നു. സര്‍ക്കാര്‍ ആര്‍ഭാടത്തിനായി വന്‍തുക അനുവദിച്ചെന്നാണ് ആക്ഷേപം. വിവിധ സാംസ്കാരിക സംഘടനകള്‍ ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തത്തെി. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാനെന്ന പേരിലാണ് രണ്ടു തവണകളായി ബിനാലെ നടന്നത്. എന്നാല്‍, പ്രാദേശിക കലാകാരന്മാരെ അവഗണിക്കുന്ന നടപടികളാണ് ഉണ്ടായതെന്ന് പ്രാദേശിക ചിത്രകാരന്മാരും ഇതരകലാകാരന്മാരും ആരോപിക്കുന്നു. ബിനാലെ നടക്കുന്ന വേദികള്‍ പലതും ചേരികള്‍ക്ക് സമീപമാണ്. ആഹാരത്തിനുപോലും വകയില്ലാതെ, ഭവനരഹിതരായി ആയിരങ്ങളാണ് ചേരികളില്‍ വസിക്കുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ക്ക് നടപടി സ്വീകരിക്കാതെ ഭരണാധികാരികള്‍ ബിനാലെപോലുള്ള പരിപാടികളെ കൈയയച്ച് സഹായിക്കുകയാണെന്ന് കൊച്ചി വികസന വേദി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഭവനരഹിതര്‍ സംസ്ഥാനത്ത് ഏറെയുള്ളത് ഈ ചേരികളിലാണ്. സര്‍ക്കാറിന്‍െറ സീറോ ലാന്‍ഡ് ലെസ് പദ്ധതി പ്രകാരം അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും ഇവരില്‍ ഒരാള്‍ക്കുപോലും ഭൂമി കൊടുക്കാന്‍ സര്‍ക്കാറിനായിട്ടില്ല. ചേരി നിര്‍മാര്‍ജന പദ്ധതികള്‍ക്ക് ലഭിക്കുന്ന തുക വകമാറ്റി ചെലവാക്കുന്നതായും ആരോപണമുണ്ട്. ഫീസ് ഈടാക്കി പ്രവേശം അനുവദിക്കുന്ന ബിനാലെക്ക് സര്‍ക്കാര്‍ ഏഴുകോടി അനുവദിച്ചിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ കോര്‍പറേറ്റുകളെ സഹായിച്ച് സാധാരണക്കാരനെ കണ്ടില്ളെന്ന് നടിക്കുകയാണെന്നും സേവ് കൊച്ചി പ്ളാറ്റ്ഫോം ഭാരവാഹികളും ആരോപിച്ചു. ബിനാലെ അന്തര്‍ദേശീയ കലാമേളയാണെന്നും ലോകത്തിന്‍െറ നാനാഭാഗങ്ങളിലായി രണ്ട് കൊല്ലത്തിലൊരിക്കല്‍ ബിനാലെ നടത്തുമെന്നുമാണ് ആദ്യ ബിനാലെ നടന്നപ്പോള്‍ സംഘാടകര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, കഴിഞ്ഞ മൂന്നുതവണയും കൊച്ചിയില്‍ തന്നെയാണ് ബിനാലെ നടക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോള്‍ ബിനാലെക്ക് പിന്നില്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കണമെന്ന് പൈതൃക കൊച്ചി സംരക്ഷണസമിതി ഭാരവാഹികളും ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.