പായിപ്രയില്‍ ട്രാഫിക് പരിഷ്കരണം തുടങ്ങി

മൂവാറ്റുപുഴ: എം.സി റോഡിലെ തിരക്കേറിയ ജങ്ഷനുകളിലൊന്നായ പായിപ്ര കവലയുടെ വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കണമെന്ന് ട്രാഫിക് ഇംപ്ളിമെന്‍േറഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമായ കവലയിലെ പുറമ്പോക്ക് കൈയേറ്റങ്ങള്‍ ഒഴിവാക്കി വീതികൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി റവന്യൂ-പൊതുമരാമത്ത് വകുപ്പുകളോട് ആവശ്യപ്പെട്ടു. പേഴക്കാപ്പിള്ളി, തൃക്കളത്തൂര്‍ മേഖലയില്‍ നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനും ഗതാഗതപരിഷ്കാരം നടപ്പാക്കാനുമായി കഴിഞ്ഞദിവസം ചേര്‍ന്ന ഗതാഗത ഉപദേശകസമിതി നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പാക്കാനായി ചേര്‍ന്ന യോഗമാണ് കവലയുടെ വികസനം യാഥാര്‍ഥ്യമാക്കാന്‍ പദ്ധതി ആവിഷ്കരിച്ചത്.പഞ്ചായത്ത് ഓഫിസ് ജങ്ഷന്‍ മുതല്‍ പേഴക്കാപ്പിള്ളി ഹൈസ്കൂള്‍ ജങ്ഷന്‍വരെയും പായിപ്ര റോഡില്‍ കോളനി ജങ്ഷന്‍വരെ കൈയേറ്റം ഒഴിപ്പിക്കാനും വീതികൂട്ടി പായിപ്ര കവല വികസിപ്പിക്കാനും റവന്യൂ-പൊതുമരാമത്ത് വകുപ്പുകളോട് പഞ്ചായത്ത് കമ്മിറ്റി തീരുമാനം വഴി ആവശ്യപ്പെടും. പായിപ്ര റോഡില്‍കൂടി വരുന്ന ഭാരവണ്ടികള്‍ പള്ളിച്ചിറ റോഡുവഴി എം.സി റോഡില്‍ പ്രവേശിക്കാനും കവലയില്‍ നിലവിലെ ബസ് സ്റ്റോപ്പുകള്‍ മാറ്റിസ്ഥാപിക്കാനും നടപടി സ്വീകരിച്ചു. പെരുമ്പാവൂര്‍ ഭഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ് സ്റ്റേറ്റ് ബാങ്കിനുമുന്നിലേക്കും മൂവാറ്റുപും ഭാഗത്തേക്കുള്ള സ്റ്റോപ് ബദരിയ്യ കോളജിനുമുന്നിലേക്കും മറ്റും. അപകടമേഖലയായ സബൈന്‍ ആശുപത്രിക്കുമുന്നിലെ ബസ് സ്റ്റോപ്പുകളും മുന്നോട്ട് മാറ്റും. ഇവിടെ വേഗതനിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. തൃക്കളത്തൂര്‍ മുതല്‍ പേഴക്കാപ്പിള്ളി കമ്പനിപ്പടിവരെ എം.സി റോഡിന്‍െറ ഇരുവശത്തുമുള്ള കൈയേറ്റങ്ങളും റോഡിലേക്കിറക്കിയുള്ള വ്യാപാരവും അവസാനിപ്പിക്കും. ഇതിന്‍െറഭാഗമായി വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. റോഡിനിരുവശവുമുള്ള അനധികൃത പാര്‍ക്കിങ് ഒഴിവാക്കാനും നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ പൊലീസിന്‍െറ സേവനം ലഭ്യമാക്കും. എം.സി റോഡ് കടന്നുപോകുന്ന അപകടമേഖലയായ തൃക്കളത്തൂര്‍, സൊസൈറ്റിപ്പടി, കാവുംപടി, പള്ളിച്ചിറങ്ങര, എസ്. വളവ്, പേഴക്കാപ്പിള്ളി തുടങ്ങിയ മേഖലകളില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകും. പഞ്ചായത്ത് പ്രസിഡന്‍റ് നൂര്‍ജഹാന്‍ നാസര്‍ അധ്യക്ഷത വഹിച്ചു. പൊലീസ്, മോട്ടോര്‍ വാഹന, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി, മുന്‍ പ്രസിഡന്‍റുമാരായ പി.എ. ബഷീര്‍, പായിപ്ര കൃഷ്ണന്‍ എന്നിവരും വി.ഇ. നാസര്‍, കെ.എസ്. റഷീദ്, കെ.കെ. ഉമ്മര്‍, വി.എ. സലീം, വി.എം. നവാസ് ടി.എസ്. കെ. മൈതീന്‍, പി.എം. അസീസ് തുടങ്ങിയവരും പങ്കെടുത്തു.അപകടങ്ങള്‍ പതിവായതോടെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രാഫിക് കമ്മിറ്റി രൂപവത്കരിച്ച് രംഗത്തിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.