കെ.ബി.പി.എസില്‍ മരങ്ങള്‍ വെട്ടിക്കടത്തിയതിന് കണക്കില്ല

കൊച്ചി: കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്) വളപ്പില്‍നിന്ന് മരങ്ങള്‍ വെട്ടി കടത്തിയതില്‍ ഗുരുതര ചട്ടലംഘനം. മരം മുറിക്കാന്‍ വനം വകുപ്പ് അഞ്ചു വര്‍ഷം മുമ്പ് നല്‍കിയ കാലഹരണപ്പെട്ട ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ചതാണ് കെ.ബി.പി.എസ് അധികൃതരെ വിവാദക്കുരുക്കിലാക്കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചക്ക് എറണാകുളം റേഞ്ച് ഓഫിസര്‍ കെ.ടി. ഉദയന്‍െറ നേതൃത്വത്തിലുള്ള സംഘം കെ.ബി.പി.എസ് ഓഫിസിലത്തെി രേഖകള്‍ പരിശോധിച്ചു. വനം വകുപ്പിന്‍െറ പരിസ്ഥിതി കമ്മിറ്റിയംഗം പ്രഫ. സീതാരാമനെ അറിയിക്കാതെകെ.ബി.പി.എസ് വളപ്പില്‍നിന്ന് മരങ്ങള്‍ വെട്ടാന്‍ അനുമതി നല്‍കിയ അന്നത്തെ അസിസ്റ്റന്‍റ് ഫോറസറ്റ് കണ്‍സര്‍വേറ്ററുടെ നടപടിയും വിവാദമായിട്ടുണ്ട്. മരം മുറിക്കുന്നതിന് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും യോജിച്ച് തീരുമാനമെടുക്കണമെന്ന ചട്ടവും പാലിക്കപ്പെട്ടില്ല. തൃക്കാക്കര നഗരസഭയിലെ അന്നത്തെ ചെയര്‍മാനും മുന്‍ അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും മുനിസിപ്പല്‍ മുന്‍ സെക്രട്ടറിയും ഉള്‍പ്പെടെ നാലു പേര്‍ മാത്രം യോഗം ചേര്‍ന്ന് മരം മുറിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെ.ബി.പി.എസ് ഗവേണിങ് തീരുമാനപ്രകാരം ഗോഡൗണ്‍ നിര്‍മാണത്തിനായാണ് അധികൃതര്‍ മരം മുറിച്ചു മാറ്റാന്‍ വനം വകുപ്പിന് അപേക്ഷ നല്‍കിയത്. 2011ല്‍ വനംവകുപ്പ് നടത്തിയ കണക്കെടുപ്പില്‍ തേക്ക് ഉള്‍പ്പെടെ 395 മരങ്ങള്‍ക്ക് ഏകദേശം ഒന്നര ലക്ഷം രൂപയാണ് വില നിര്‍ണയിച്ചിരുന്നത്. അഞ്ചു വര്‍ഷം മുമ്പുള്ള ഈ ഉത്തരവിന്‍െറ ബലത്തില്‍ രണ്ടരമാസം മുമ്പ് തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചെങ്കിലും ലേലം ചെയ്തില്ളെന്നാണ് വനംവകുപ്പിന്‍െറ കണ്ടത്തെല്‍. മുറിച്ച് വില്‍പന നടത്തുന്ന മരങ്ങളുടെ അഞ്ച് ശതമാനം വനവികസന ഫണ്ടിലേക്ക് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശവും നടപ്പായില്ല. മരംമുറി സംബന്ധിച്ചുള്ള ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകരായ എം.എന്‍. ഗിരി, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.