പഴകിയ ഭക്ഷണം പിടിച്ചെടുത്തു: ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വിഭാഗം പരിശോധന

പറവൂര്‍: മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും ബേക്കറിയിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു. വഴിക്കുളങ്ങരക്ക് സമീപമുള്ള ടി.എസ് ഹോട്ടലില്‍നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ചോറ്, പൊറോട്ട, ചപ്പാത്തി ഫ്രൈഡ് റൈസ്, ചിക്കന്‍ ഫ്രൈ, ബീഫ് ഫ്രൈ, കോളിഫ്ളവര്‍ എന്നിവയും പ്ളാസ്റ്റിക് കവറില്‍ സുക്ഷിച്ചിരുന്ന കറികളും 40 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. ഹോട്ടലിന്‍െറ പിറകുവശം വൃത്തിഹീനമായിരുന്നെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. അലക്സാണ്ടര്‍ പറഞ്ഞു. മാലിന്യ സംസ്കരണത്തിനുള്ള ഒരു സംവിധാനവവും ഹോട്ടലില്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഹോട്ടലുടമക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി തൃപ്തികരമല്ളെങ്കില്‍ ഹോട്ടല്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു. മുനിസിപ്പല്‍ കവലക്ക് സമീപമുള്ള ഗ്രേസ് ബേക്കറിയില്‍നിന്ന് കലാവധി കഴിഞ്ഞതും പഴകിയതുമായ സാധനങ്ങള്‍ പിടിച്ചെടുത്തു. ബിസ്ക്കറ്റ്, കേക്ക്, പാലട, സേമിയ, ബേക്കിങ് പൗഡര്‍, മിഠായി, ചമ്മന്തിപ്പൊടി ഉള്‍പ്പെടെ 120ഓളം പാക്കറ്റുകള്‍ കാലാവധി കഴിഞ്ഞിട്ടും ബേക്കറിയില്‍ സൂക്ഷിച്ചിരുന്നു. കാലാവധി കഴിഞ്ഞ പാല്‍പൊടി ടിന്നുകളും പിടിച്ചെടുത്തു. ഉടമക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എക്സ്. വില്‍സണ്‍, എ.എം. അനൂപ് കുമാര്‍, എ.എം. ഗിനി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പരിശോധന വരുംദിവസങ്ങളിലും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.