പൊക്കാളി പാടങ്ങള്‍ വീണ്ടും തളിര്‍ക്കുന്നു

എടവനക്കാട്: വൈപ്പിന്‍ കരയിലെ പ്രസിദ്ധമായ പൊക്കാളി നെല്ല് കൃഷി ചെയ്യുന്ന പൊക്കാളി പാടങ്ങള്‍ ഇടവേളകള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു. കൃഷിയില്‍ ഭീമമായ ചെലവും തൊഴിലാളികളുടെ ലഭ്യത കുറവും വന്നതോടെയാണ് ഉടമകള്‍ പാടങ്ങളില്‍ കൃഷി നിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പേരിന് മാത്രമായി കൃഷി ഒതുങ്ങുകയായിരുന്നു. പൊക്കാളി പാടങ്ങളില്‍ ആറ് മാസം ഇടവിട്ട് പൊക്കാളി നെല്‍ കൃഷിയും ചെമ്മീന്‍ കെട്ടുമാണ് നടത്തുന്നത്. വളം ചെയ്യാതെ കൃഷി നടത്തുന്ന ഇവിടത്തെ പൊക്കാളി അരി പ്രസിദ്ധമായതാണ്. പൊക്കാളി കൃഷിക്കുശേഷം പാടം ചെമ്മീന്‍ കെട്ടാക്കുന്നതിനാല്‍ ചെമ്മീന്‍ കൃഷിയും ലാഭകരമായാണ് പോയിരുന്നത്. പാടങ്ങളില്‍ കൃഷിചെയ്യാതെ വന്നതോടെയാണ് ചെമ്മീന്‍ കെട്ടുകള്‍ നഷ്ടത്തിലായത്. കൃഷി ഇറക്കാത്ത പാടങ്ങള്‍ ചെമ്മീന്‍ കര്‍ഷകര്‍ പാട്ടത്തിന് എടുക്കാനും മടിച്ചു. പാടങ്ങളോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷക തൊഴിലാളികള്‍ കൃഷി ഇറക്കാത്ത പാടങ്ങള്‍ ചെമ്മീന്‍ കെട്ടാക്കുന്നത് തടയുകയും നിയമം കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തതോടെ നഷ്ടം സഹിച്ചും പൊക്കാളി പാടങ്ങളില്‍ വീണ്ടും കൃഷി സജീവമാകുകയാണ്. എടവനക്കാട് പഞ്ചായത്തില്‍ തന്നെ മൊത്തം 156 ഹെക്ടര്‍ പൊക്കാളി പാടശേഖരങ്ങള്‍ നിലവിലുണ്ട്.അതില്‍ കഴിഞ്ഞ വര്‍ഷം കൃഷി ചെയ്തത് വെറും 27 ഹെക്ടറില്‍ മാത്രമാണ്. ഈ വര്‍ഷം അത് ഏകദേശം 60 ഹെക്ടറിന്‍െറ മുകളില്‍ വരുമെന്നാണ് കണക്കുകള്‍. ഇത് പൊക്കാളി കൃഷി തിരിച്ചു വരുന്നു എന്നതിന്‍െറ സൂചനയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.