രാവിലെ കിളി, ഉച്ചക്ക് കണ്ടക്ടര്‍, രാത്രി ഡ്രൈവര്‍ ബസില്‍ യാത്രചെയ്ത ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍

കോതമംഗലം: ആലുവ -കോതമംഗലം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസില്‍ രണ്ട് ദിവസങ്ങളിലായി സിവില്‍ വേഷത്തില്‍ യാത്ര ചെയ്ത് നിരീക്ഷണം നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ബസിലെ ജീവനക്കാര്‍ മോശമായി പെരുമാറുന്നു എന്ന് ആര്‍.ടി.ഒ ഓഫിസില്‍ ഫോണില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍തന്നെ സിവില്‍ ഡ്രസില്‍ സ്കൂള്‍ സമയത്തുള്ള ട്രിപ്പുകളില്‍ കോതമംഗലത്തേക്കും പെരുമ്പാവൂരിലേക്കും യാത്ര ചെയ്യുകയായിരുന്നു. ആലുവയില്‍നിന്ന് ബസ് പുറപ്പെടുമ്പോള്‍ ഡോര്‍ ചെക്കര്‍ ബാഗ് കൈയിലെടുത്ത് കണ്ടക്ടറായി സേവനം ആരംഭിച്ചത്. ഇയാള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. വൈകീട്ട് ഇതേയാള്‍ കോതമംഗലം നഗരസഭ സ്റ്റാന്‍ഡിന് മുന്നില്‍ ആളെ ഇറക്കിയ ശേഷം ഡ്രൈവറായി ബസ് ഹൈറേഞ്ച് സ്റ്റാന്‍ഡിലേക്ക് കൊണ്ടു പോയി. സ്റ്റാന്‍ഡില്‍ വെച്ച് പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് കണ്ടക്ടര്‍, ഡ്രൈവര്‍ ലൈസന്‍സുകള്‍ ഇല്ളെന്ന് വ്യക്തമായി. തുടര്‍ന്ന് യഥാര്‍ഥ ഡ്രൈവര്‍ ലൈസന്‍സുമായത്തെി വാഹനം ഏറ്റുവാങ്ങി. ഒരുദിവസത്തെ ഇടവേളക്ക് ശേഷം ഇതേ ബസില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് എടുക്കാത്തയാളാണ് കണ്ടക്ടറായി ജോലി ചെയ്യുന്നതെന്ന് കണ്ടത്തെുകയും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വാഹന ഉടമയെ വിളിച്ചുവരുത്തി ഇത്തരം ജീവനക്കാരെ നിയമിക്കരുതെന്ന് താക്കീത് നല്‍കുകയും ലൈസന്‍സുള്ള കണ്ടക്ടറെ ഹാജരാക്കിയതിനെ തുടര്‍ന്ന് സര്‍വിസ് നടത്താന്‍ അനുവദിക്കുകയും ചെയ്തു. വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ എ.എ. താഹിറുദ്ദീന്‍, പ്രസാദ് പി. മാത്യു, അസി. ഇന്‍സ്പെക്ടര്‍മാരായ ബിനു കൂരാപ്പിള്ളി, കെ.ബി. ബിജിഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.