ഹോം സ്റ്റേ പീഡനം: പ്രതികളുമായി തിരിച്ചറിയല്‍ പരേഡ് നടത്തി

മട്ടാഞ്ചേരി: യുവാവിനൊപ്പം എത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിലെ ആറ് പ്രതികളെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. ഫോര്‍ട്ട്കൊച്ചി ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി, പട്ടാളം സ്വദേശി അല്‍ത്താഫ്, വെളിയില്‍ ഇജാസ്, ചന്തിരൂര്‍ കറുപ്പന്‍ വീട്ടില്‍ സജു, ഫോര്‍ട്ട്കൊച്ചി ഫിഷര്‍മെന്‍ കോളനിയില്‍ അപ്പു, നസ്റത്ത് കനാല്‍ റോഡില്‍ ക്ളിപ്റ്റന്‍ ഡിക്കോത്ത എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ഫോര്‍ട്ട്കൊച്ചി പട്ടാളത്തെ ഗുഡ്ഷെപ്പേര്‍ഡ് ഹോം സ്റ്റേയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പീഡനത്തിനിരയായ യുവതിക്ക് പ്രതികളെ തിരിച്ചറിയുന്നതിന് പരേഡും നടത്തി. ബുധനാഴ്ചയാണ് കോടതി പ്രതികളെ കൂടുതല്‍ തെളിവെടുപ്പിന് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. രണ്ടര മാസം മുമ്പാണ് ഫോര്‍ട്ട്കൊച്ചിയെ ഞെട്ടിച്ച പീഡനം അരങ്ങേറിയത്. ആറുപേര്‍ ചേര്‍ന്നാണ് എഴുപുന്ന സ്വദേശിയായ യുവാവിനൊപ്പം എത്തിയ തണ്ണീര്‍മുക്കം സ്വദേശിനിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. ഈ കേസിലെ അന്വേഷണം നടക്കുന്നതിനിടെ ഒന്നാം പ്രതി അല്‍ത്താഫിന്‍െറ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഈ കേസില്‍ ഒരാള്‍ ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറുടെ മകനാണ്. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. അതേസമയം, ഫോര്‍ട്ട്കൊച്ചിയുടെ ടൂറിസം രംഗത്ത് കരിനിഴല്‍ വീഴ്ത്തിയ അനധികൃത ഹോം സ്റ്റേകള്‍ക്കെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ എസ്. സുഹാസ് ഹോം സ്റ്റേ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം വെള്ളിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഉച്ചക്ക് രണ്ടിന് സബ് കലക്ടറുടെ ചേംബറിലാണ് യോഗം. ഇതിനുശേഷം ഹോം സ്റ്റേ ഉടമകളുടെ യോഗം വിളിക്കും. ഹോം സ്റ്റേകള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിന് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.