സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ റെയ്ഡ്; നടത്തിപ്പുകാരന്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് റെയ്ഡ് ചെയ്ത് നടത്തിപ്പുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അഭിനന്ദാണ് (21) പിടിയിലായത്. ഇയാള്‍ നടത്തിപ്പുകാരന്‍ മാത്രമാണെന്നും എക്സ്ചേഞ്ചിന്‍െറ യഥാര്‍ഥ ഉടമസ്ഥര്‍ വിദേശത്താണെന്നും പൊലീസ് അറിയിച്ചു. കടവന്ത്ര അട്ടായിക്കുളത്ത് അപ്പാര്‍ട്മെന്‍റിന്‍െറ ഒന്നാംനിലയില്‍ ഓട്ടോസ് ഇന്‍ഫോടെക് എന്ന പേരിലാണ് രാജ്യസുരക്ഷക്കുതന്നെ ഭീഷണിയായ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്തുനിന്നും തിരിച്ചുമുള്ള ഐ.എസ്.ഡി വിളികള്‍ പ്രത്യേക നെറ്റ്വര്‍ക് സിസ്റ്റം തയാറാക്കി ലോക്കല്‍ കോളുകളാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്‍റര്‍നെറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തനമായതിനാല്‍ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളാണ് ഇവരുടെ സ്ഥിരം ഇടപാടുകാര്‍. ഇവര്‍ ഉപയോഗിച്ചിരുന്ന റൂട്ടര്‍, കമ്പ്യൂട്ടറുകള്‍, സിംകാര്‍ഡുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. എറണാകുളം സൗത് പൊലീസിനു കിട്ടിയ രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ടെലികോം ഇന്‍റലിജന്‍സ് വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. പാലക്കാട് നെന്മാറയിലും അടുത്തിടെ അനധികൃത എക്സ്ചേഞ്ച് പിടികൂടിയിരുന്നു. എറണാകുളത്തെ സംഘത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.