കൊച്ചിന്‍ കോര്‍പറേഷന്‍െറ മാലിന്യ വാഹനങ്ങള്‍ തടഞ്ഞു

പള്ളിക്കര: കൊച്ചിന്‍ കോര്‍പറേഷന്‍െറയും മറ്റ് മുനിസിപ്പാലിറ്റികളുടെയും മാലിന്യം ബ്രഹ്മപുരം റോഡിലും പരിസരത്തും തള്ളുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെയും പി.ഡി.പി.പി തൊഴിലാളികളുടെയും നേതൃത്വത്തില്‍ മാലിന്യ വാഹനങ്ങള്‍ തടഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി വാഹനങ്ങളില്‍നിന്നും റോഡിലേക്ക് മാലിന്യവും ചെളിവെള്ളവും ചാടുന്നതില്‍ വ്യാപകപ്രതിഷേധം ഉണ്ടായിരുന്നു. ഇന്‍ഫോപാര്‍ക്ക് മുതല്‍ ബ്രഹ്മപുരം മാലിന്യ പ്ളാന്‍റ് വരെ വ്യാപകമായി മാലിന്യം റോഡില്‍ ചാടിയിരുന്നു. മാലിന്യവാഹനം നിര്‍ത്താതെ പോയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. ഇതേ തുടര്‍ന്ന് വാര്‍ഡ് അംഗം ബീന കുര്യാക്കോസ് ഇടപെട്ടു. കൊച്ചി മേയര്‍ സ്ഥലത്ത് എത്തിയാല്‍ മാത്രമേ വാഹനം പോകാന്‍ അനുവധിക്കൂ എന്ന നിലപാടിനെ തുടര്‍ന്ന് മേയര്‍ സൗമിനി ജയിനും വടവുകോട്പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. വേലായുധനും മറ്റ് അംഗങ്ങളും സ്ഥലത്തത്തെി. റോഡിലെ മാലിന്യം വൃത്തിയാക്കുമെന്നും വ്യാഴാഴ്ച മൂന്ന് മണിക്ക് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ വെച്ച് ചര്‍ച്ച നടത്താമെന്ന ഉറപ്പിന്‍മേല്‍ വാഹനങ്ങള്‍ പോകാന്‍ അനുവദിച്ചു.റോഡിലെ മാലിന്യം കാരണം പരിസരത്ത് ദുര്‍ഗന്ധം വ്യാപകമാണ്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും കോര്‍പറേഷന്‍ അധികൃതര്‍ യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. പലപ്പോഴും തുറന്ന വാഹനത്തിലാണ് മാലിന്യം കൊണ്ടുവരുന്നത്. വാഹനത്തിന്‍െറ മുകള്‍ഭാഗം മൂടികെട്ടാന്‍പോലും പല വാഹനങ്ങളും തയാറല്ല. ഒമ്പത് കൊല്ലം മുമ്പ് പ്ളാന്‍റ് ആരംഭിക്കുമ്പോള്‍ മൂടികെട്ടിയവാഹനത്തില്‍ മാലിന്യം കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നും അതിന് നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന്‍ തയാറായിട്ടില്ല. ഇതിനിടയില്‍ മാലിന്യ പ്ളാന്‍റില്‍ നിന്നുള്ള ദുര്‍ഗന്ധവും ശക്തമാണ്. ദൂരെ ദിക്കിലേക്ക് വരെ ദുര്‍ഗന്ധം വ്യാപകമായിട്ടുണ്ട്. കരിമുകള്‍, പെരിങ്ങാല, പിണര്‍മുണ്ട, പാടത്തിക്കര, അമ്പലമുകള്‍, കാക്കനാട് മേഖലയിലെല്ലാം ദുര്‍ഗന്ധം വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.